പാലോട്: പൊൻമുടി റോഡ് വികസനത്തിന്റെ മറവിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള വൻമരങ്ങൾ മുറിച്ചുമാറ്റാൻ ശ്രമംനടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നിലവിലുള്ള പൊൻമുടി റോഡ് വീതികൂട്ടി ടാറിംഗ് നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടിയെന്നാണ് പറയുന്നതെങ്കിലും ഭൂമിയേറ്റെടുക്കാതെയുള്ള ഈ റോഡ് വികസനം മരങ്ങൾ മുറിക്കാതെ തന്നെ നടപ്പിലാക്കാമെന്നിരിക്കെ കെ.എസ്.ടി.പി അധികാരികൾ ഇവിടുത്തെ 150 ലേറേ മരങ്ങൾ മുറിച്ചുമാറ്റാനാണ് തിരുമാനമെന്നാണ് ആക്ഷേപം. വനമേഖലയുമായി ചേർന്നുപോകുന്ന റോഡായതുകൊണ്ട് തന്നെ സംരക്ഷിക്കപ്പെടേണ്ട ഒട്ടേറെ മരങ്ങൾ മുറിച്ചുമാറ്റപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെതിരെ പരിസരവാസികളും പരിസ്ഥിതിപ്രവർത്തകരും സാമൂഹികവനവത്കരണ വിഭാഗത്തിന് പരാതി നൽകിയിട്ടുണ്ട്. മരം മുറിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറാത്ത പക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് പശ്ചിമഘട്ട ജൈവ വൈവിദ്ധ്യ പരിപാലന സമിതി ജനറൽ സെക്രട്ടറി സലീം പള്ളിവിള അറിയിച്ചു.