തിരുവനന്തപുരം: ലഹരിവേട്ട നടത്തുന്ന എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള ലഹരി - ക്വട്ടേഷൻ സംഘങ്ങളുടെ ഭീഷണി വർദ്ധിക്കുന്നതായി സ്റ്റേറ്റ് എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാ‌ഡ്. ക്വട്ടേഷൻ നൽകി തന്നെ ആക്രമിച്ച കേസിന്റെ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് സ്റ്റേറ്റ് എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാ‌ഡ് സി.ഐ അനികുമാർ പറയുന്നു.

കഴിഞ്ഞ നവംബറിൽ വഞ്ചിയൂർ ഭാഗത്തായിരുന്നു സംഭവം. അഞ്ചുപേരടങ്ങുന്ന സംഘം വാഹനത്തിന് വട്ടംവച്ച് കൈയേറ്റം ചെയ്യുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഇവർ പല ദിവസങ്ങളിലും തന്നെ നിരീക്ഷിച്ചിരുന്നതായും ലഹരി സംഘങ്ങളിൽ നിന്ന് ക്വട്ടേഷനെടുത്താണ് അക്രമത്തിന് മുതിർന്നതെന്നും വിവരം ലഭിച്ചു. തുടർന്ന് വഞ്ചിയൂർ പൊലീസിൽ പരാതി നൽകിയെങ്കിലും മദ്യപിച്ച് എക്സൈസുകാരൻ പ്രശ്‌നമുണ്ടാക്കിയെന്നായിരുന്നു പൊലീസുകാരിൽ നിന്ന് ആരോപണമുയർന്നത്.

വഞ്ചിയൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിൽ മലയിൻകീഴ്, വഞ്ചിയൂർ, തമിഴ്നാട് സ്വദേശികളായ അഞ്ചുപേരായിരുന്നു പ്രതികൾ. എന്നാൽ ഇവർക്കെതിരെ നിസാര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്നാണ് ആക്ഷേപം. ഡ്യൂട്ടിയിൽ അല്ലാതിരുന്നതുകൊണ്ടാണ് ചെറിയ വകുപ്പുകൾ ചുമത്തിയതെന്നായിരന്നു പൊലീസിന്റെ വിശദീകരണം. താൻ അന്ന് മഫ്‌തിയിലായിരുന്നെന്നും കേസിന്റെ തുടരന്വേഷണം സംബന്ധിച്ച് പൊലീസ് ഒന്നും അറിയിച്ചില്ലെന്നും അനികുമാർ പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ പലയിടങ്ങളിലും നിരീക്ഷണം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.