
തൃപ്രയാർ: പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് ചാവക്കാട് സെഷൻസ് കോടതി 11 വർഷം തടവും 45,000 രൂപ പിഴയും വിധിച്ചു. പിഴയായി ഒടുക്കുന്ന രൂപ ഇരയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. 2017ൽ വലപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.
വലപ്പാട് സ്റ്റേഷനിൽ ജോലി ചെയ്തു വന്നിരുന്ന ടി.ആർ.ഷൈൻ എന്ന പൊലീസുകാരനെ വലപ്പാട് കരയാവട്ടം വേളയിൽ വീട്ടിൽ പെടലി എന്ന പേരിലറിയപ്പെടുന്ന പ്രണവാണ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. സ്റ്റേഷൻ റൗഡിയും നിരവധി ക്രൈം കേസുകളിൽ ഉൾപ്പെട്ടയാളുമാണ് പ്രതി. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ച് വിവരമറിഞ്ഞ് പിടികൂടാനായി പൊലീസ് എത്തിയപ്പോഴായിരുന്നു ആക്രമണം.
കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ബംഗളൂരുവിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. ബംഗളൂരുവിലേക്ക് പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതിനും ഒളിത്താവളം ഒരുക്കി സംരക്ഷണം കൊടുത്തതിനും വലപ്പാട് സ്വദേശികളായ രാഹുൽ, വിവേക് എന്നിവരെ കൂടി പൊലീസ് പിടികൂടി. വലപ്പാട് പൊലീസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന സിആർ സന്തോഷ്, എസ്ഐയായിരുന്ന മഹേഷ് കണ്ടങ്ങത്ത് എന്നിവർ ഉൾപ്പെട്ട പ്രത്യേക പൊലീസ് സംഘമാണ് അന്വേഷണം പൂർത്തീകരിച്ചത്.