
തിരുവനന്തപുരം: പൊലീസിന്റെ രാത്രി പട്രോൾ വാഹനത്തിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. പാറശാല പൊലീസ് സ്റ്റേഷനിൽ നിന്ന് രാത്രി പട്രോളിംഗിന് പോകുന്ന വാഹനത്തിലെ ഉദ്യോഗസ്ഥർ അതിർത്തി കടന്നുവരുന്ന വാഹനങ്ങളിൽ നിന്ന് വ്യാപകമായി പണപ്പിരിവ് നടത്തുന്നതായി വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. വ്യാഴാഴ്ച പുലർച്ചെ നാലിന് പാറശാല സ്റ്റേഷനിലെ നൈറ്റ് പട്രോൾ വാഹനത്തെ തടഞ്ഞ് വിജിലൻസ് പരിശോധിച്ചതിൽ കണക്കിൽപെടാത്ത 13960രൂപ കണ്ടെത്തി. ഡ്രൈവറുടെ സീറ്റിന്റെ അടിയിൽ 100, 200, 500രൂപ നോട്ടുകൾ ചുരുട്ടി കൂട്ടിയിട്ട നിലയിലായിരുന്നു. രാത്രി പട്രോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡ്രൈവർ അനിൽകുമാർ, ഗ്രേഡ് എസ്.ഐ ജ്യോതിഷ് കുമാർ എന്നിവർക്കെതിരെ വകുപ്പുതല നടപടികൾക്ക് ശുപാർശ ചെയ്യുമെന്ന് വിജിലൻസ് ദക്ഷിണമേഖലാ സൂപ്രണ്ട് ജയശങ്കർ അറിയിച്ചു. ഇൻസ്‌പെക്ടർ വിനീഷ് കുമാർ, തിരുവനന്തപുരം ലീഗൽ മെട്രോളജിയിലെ അസിസ്റ്റന്റ് കൺട്രോളർ (ജനറൽ) ബിനു ബാലക് എന്നിവർ ചേർന്നാണ് മിന്നൽ പരിശോധന നടത്തിയത്. ഗ്രേഡ് എസ്.ഐ ഷാജി ആർ, സിവിൽ പൊലീസ് ഓഫീസർമാരായ സിജുമോൻ,സുഭാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.