posco

തിരുവനന്തപുരം : നാലാം ക്ളാസ് വിദ്യാർത്ഥിനിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയ അച്ഛന്റെ സുഹൃത്തായ 53കാരൻ ഒാട്ടോ ഡ്രെവർക്ക് ജീവിതാന്ത്യം വരെ കഠിനതടവും 75,000 രൂപ പിഴയും. മണ്ണന്തല ചെഞ്ചേരി ലെെനിൽ കുരുൻകുളം തൃഷാലയത്തിൽ ത്രിലോക് എന്ന അനിയെയാണ് കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്.

പ്രതി നിയമത്തിന്റെ ഒരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്ജി ആർ.ജയകൃഷ്ണൻ പറഞ്ഞു. ചെറുമകളാകാൻ പ്രായമുളള കുട്ടിയെയാണ് പീഡിപ്പിച്ചത്. കുട്ടിയും വീട്ടുകാരും അനുഭവിച്ച മാനസിക സംഘർഷവും വേദനയും കണ്ടില്ലെന്ന് നടിക്കാൻ കോടതിക്കാവില്ലെന്നും ജഡ്ജി വ്യക്തമാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. പിഴത്തുക കുട്ടിക്ക് നൽകണം. കൂടാതെ സർക്കാർ അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.

പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകളും ഹാജരാക്കി. 2012 നവംബർ മുതൽ 2013 മാർച്ച് വരെയാണ് കുട്ടി പീഡനത്തിന് ഇരയായത്. അച്ഛനും അമ്മയും ജോലിക്കായി പത്തനംതിട്ടയിലായിരുന്നതിനാൽ കുട്ടി അമ്മൂമ്മയോടൊപ്പം മൊട്ടമൂട്ടിലെ വീട്ടിലായിരുന്നു താമസം. കുട്ടിയെ സ്കൂളിൽ കൊണ്ടാക്കാനും വിളിച്ചു കൊണ്ട് വരാനുമാണ് പ്രതിയെ ചുമതലപ്പെടുത്തിയിരുന്നത്.

പീഡനം പട്ടാപ്പകൽ നടുറോഡിൽ
കുട്ടിയെ സ്കൂളിലേയ്ക്ക് കൊണ്ട് പോകുന്നതിനിടെ പ്രതി കോട്ടയ്ക്കകം പത്മവിലാസം റോഡിലെ ആളൊഴിഞ്ഞ് ഭാഗത്ത് ഒാട്ടോ നിറുത്തി ചുറ്റും മൂടി വലിച്ചിട്ട ശേഷമാണ് പീഡിപ്പിച്ചത് .ആയുർവേദ കോളേജിനടുത്തുള്ള ഒരു ലോഡ്ജിലെത്തിച്ച് ഐസ്‌ക്രീം കൊടുത്ത് മയക്കിയും പീഡിപ്പിച്ചു. കുട്ടി എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ പുറത്ത് പറഞ്ഞില്ല. നിരന്തര പീഡനത്തെ തുടർന്ന് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് അണുബാധയുണ്ടായി. ഓട്ടോ ഡ്രെെവറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്കൂൾ അദ്ധ്യാപിക കുട്ടിയോട് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് വിവരം പുറത്തുവന്നത്. അദ്ധ്യാപികയാണ് പൊലീസിനെ വിവരമറിയിച്ചത്.