
കണ്ണൂർ: കോൺഗ്രസ് ഹൈക്കമാൻഡിന്റെ വിലക്ക് ലംഘിച്ച് സി.പി.എം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുക്കാനുള്ള പ്രൊഫ.കെ.വി. തോമസിന്റെ പ്രഖ്യാപനം സൃഷ്ടിച്ച രാഷ്ട്രീയ അലയൊലി പാർട്ടി കോൺഗ്രസ് പ്രതിനിധി ചർച്ചയിലും മുഴങ്ങി. പുതിയ രാഷ്ട്രീയ അടവുനയം രൂപീകരിക്കുന്നത് സംബന്ധിച്ച കരട് രാഷ്ട്രീയപ്രമേയത്തിന്മേലുള്ള ചർച്ചയിലാണ് തോമസ് വിഷയവും ഉയർന്നത്. ചർച്ച തുടങ്ങി വച്ച മന്ത്രി പി. രാജീവ് തോമസ് വിഷയം ഉദാഹരണമാക്കി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു.
ബി.ജെ.പിയെ അലോസരപ്പെടുത്തുന്ന ഒന്നും ചെയ്യാൻ കേരളത്തിലെ കോൺഗ്രസ് തയ്യാറാകില്ലെന്ന് പ്രതിനിധിഹാളിന് പുറത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചപ്പോൾ, മതേതരവിഷയം ചർച്ച ചെയ്യാനുള്ള സെമിനാറിൽ ക്ഷണിച്ചിട്ടും കോൺഗ്രസ് നേതാക്കൾ പങ്കെടുക്കാത്തത് ബി.ജെ.പിയെയാണ് സഹായിക്കുകയെന്ന് ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയും കുറ്റപ്പെടുത്തി.
കെ.വി. തോമസിനെ സെമിനാറിൽ നിന്ന് വിലക്കിയ സോണിയഗാന്ധിയെയാണോ പിന്തുണയ്ക്കേണ്ടതെന്ന് ചോദിച്ചാണ് പ്രതിനിധി ചർച്ചയിൽ കോൺഗ്രസിനെതിരായ വിമർശനം പി. രാജീവ് കൊഴുപ്പിച്ചത്.
ഹിന്ദുത്വ കക്ഷികൾക്ക് ആശയപരമായ വെല്ലുവിളി ഉയർത്താനാവാത്ത കോൺഗ്രസിന്റെ ദൗർബല്യത്തെ എടുത്തുപറയുന്ന കരട് രാഷ്ട്രീയപ്രമേയത്തിലൂന്നിയായിരുന്നു രാജീവിന്റെ വിമർശനം. അടിത്തറയിളകിയ കോൺഗ്രസിനെ മുൻനിറുത്തിയൊരു ബദൽ സാദ്ധ്യമല്ല. ബി.ജെ.പിയെ ദേശീയതലത്തിൽ ചെറുക്കാനുള്ള ശേഷി കോൺഗ്രസിനില്ല. രാഹുൽഗാന്ധി ഹിന്ദുരാഷ്ട്രത്തിനായി വാദിക്കുന്ന തലത്തിലേക്ക് പാർട്ടിയെത്തിയെന്നും കുറ്റപ്പെടുത്തി.
രാഷ്ട്രീയപ്രമേയത്തിന്മേൽ പാർട്ടി കോൺഗ്രസിന് മുന്നോടിയായി 4001 ഭേദഗതിനിർദ്ദേശങ്ങൾ ലഭിച്ചെന്ന് സീതാറാം യെച്ചൂരി അറിയിച്ചു. ഇന്നലെ ഉച്ചവരെ മാത്രം 12 പേരാണ് വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്. രാഷ്ട്രീയപ്രമേയത്തിന്മേൽ ചർച്ച ഇന്ന് പൂർത്തിയാവും.
കോൺഗ്രസ് ഒപ്പം വേണം:
ബംഗാൾ ഘടകം
അതേസമയം, കോൺഗ്രസിനെ ഒഴിവാക്കിയൊരു ബി.ജെ.പി വിരുദ്ധമുന്നണി സാദ്ധ്യമല്ലെന്ന് ബംഗാൾ പ്രതിനിധി ശ്രിജൻ ഭട്ടാചാര്യ ചൂണ്ടിക്കാട്ടി. പ്രാദേശിക പാർട്ടികൾ നയിക്കുന്ന സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങളെ എതിർക്കുമ്പോൾ അത്തരം സർക്കാരുകളെ കേന്ദ്രവുമായി തുലനം ചെയ്യാനാവില്ലെന്ന കരട് പ്രമേയത്തിലെ നിരീക്ഷണത്തോടും ബംഗാൾ പ്രതിനിധികൾ യോജിച്ചില്ല. തൃണമൂലിനോടുള്ള നയംമാറ്റം അംഗീകരിക്കാനാവില്ലെന്നവർ വ്യക്തമാക്കി. ബി.ജെ.പിയും തൃണമൂലും ഒരുപോലെ എതിർക്കപ്പെടണം. ബി.ജെ.പി വിരുദ്ധസഖ്യത്തിൽ കോൺഗ്രസുമാകാമെന്ന് തമിഴ്നാട് പ്രതിനിധി ആർ. ബദ്രിയും പറഞ്ഞു.