general

ബാലരാമപുരം: ബാലരാമപുരം –കാട്ടാക്കട റോഡിൽ ഗതാഗതക്കുരുക്ക് യാത്രക്കാരെ വീർപ്പുമുട്ടിക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഉയരുന്ന ഗതാഗതക്കുരുക്കെന്ന തീരാവ്യാധിക്ക് പരിഹാരം കാണാൻ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയില്ലെന്ന് ആക്ഷേപമുയരുകയാണ്. താരതമ്യേന വീതികുറഞ്ഞ കാട്ടാക്കട റോഡിൽ രാവിലെ മുതൽക്കേ വാഹനങ്ങളുടെ നീണ്ടനിരയാണ്. ഗതാഗതം നിയന്ത്രിക്കുന്ന ഹോംഗാർഡുകൾ റെഡ്സിഗ്നൽ കാണിച്ചാൽ കാട്ടാക്കട റോഡിൽ നിന്നും തിരുവനന്തപുരം,​ വിഴിഞ്ഞം,​ നെയ്യാറ്റിൻകര ഭാഗത്തേക്ക് കടക്കണമെങ്കിൽ അരമണിക്കൂറോളം കാത്ത്കിടക്കണം. ഇതിനിടയിൽ വിവിധ സംഘടനകളുടെ പ്രതിഷേധ മാർച്ചോ വാഹനാപകടമോ ഉണ്ടായാൽ പിന്നെ നോക്കുകയും വേണ്ട,​ മുക്കാൽമണിക്കൂറോളം കാട്ടാക്കട റോഡിൽ ഗതാഗതം മുടങ്ങുന്നത് പതിവാണ്. നാമാത്രമായ പൊലീസ് സംവിധാനമുപയോഗിച്ച് ബാലരാമപുരത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

**പ്രതിഷേധം ശക്തം

കാട്ടാക്കട റോഡിലെ ഓട്ടോറിക്ഷ- ട്രക്കർ സർവ്വീസുകളുടെ എണ്ണക്കൂടുതലാണ് ഗതാഗതക്കുരുക്കിന് മറ്റൊരു കാരണം. ഓട്ടോ - ടാക്സി സ്റ്റാൻഡുകൾ പഞ്ചായത്ത് ഓഫീസിന് സമീപത്തേക്ക് മാറ്റണമെന്ന് പഞ്ചായത്തിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്നും നേരത്തെ ആവശ്യമുയർന്നെങ്കിലും തൊഴിലാളി യൂണിയന്റെയും ജീവനക്കാരുടെയും പ്രതിഷേധം ഉയർന്നതോടെ തീരുമാനം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

ഏറെ തിരക്ക് അനുഭവപ്പെടുന്ന രാവിലെ 9 മുതൽ 12 വരെയും വൈകിട്ട് 4 മുതൽ 7 മണിവരെയും കാട്ടാക്കട റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ്. സ്കൂൾ സമയങ്ങളിൽ കാട്ടാക്കട റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പ്രത്യേക പൊലീസിനെ വിന്യസിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.