congress-and-communist

കണ്ണൂർ: പശ്ചിമബംഗാളിൽ കോൺഗ്രസുമായി സി.പി.എം ഏർപ്പെട്ട സഖ്യം പാളിപ്പോയത് എന്തുകൊണ്ടെന്ന് സ്വയംവിമർശനപരമായി വിലയിരുത്തി കരട് രാഷ്ട്രീയപ്രമേയത്തിൽ ഉൾപ്പെടുത്താതിരുന്നതിനെ വിമർശിച്ച് പാർട്ടി കോൺഗ്രസ് ചർച്ചയിൽ പ്രതിനിധികൾ. ഇവർ പക്ഷേ കേരളത്തിൽ നിന്നുള്ള പ്രതിനിധികളല്ലെന്നാണ് വിവരം.

കോൺഗ്രസിനോടുള്ള സമീപനം സംബന്ധിച്ച് കരട് രാഷ്ട്രീയപ്രമേയത്തിൽ നടത്തിയ വിശകലനത്തോട് യോജിച്ചാണ് പ്രതിനിധികളിൽ ഭൂരിഭാഗവും സംസാരിച്ചത്. ബി.ജെ.പിക്കെതിരായ പോരാട്ടമെന്നത് വെറും രാഷ്ട്രീയമായി മാത്രമല്ല മറ്റ് പല തലങ്ങളിലുള്ള പോരാട്ടം വേണമെന്നും ചിലർ നിർദ്ദേശിച്ചു. വ്യക്തമായ ഇടതുപക്ഷ ബദൽ പരിപാടികളുടെ അടിസ്ഥാനത്തിലുള്ള പ്രസ്ഥാനം ബി.ജെ.പിയെ ചെറുത്തുതോല്പിക്കാൻ ഉണ്ടാവണം. കോൺഗ്രസുമായി മുന്നണിയോ സഖ്യമോ വേണ്ട. എന്നാൽ, തമിഴ്നാട്, അസാം മാതൃകയിലുള്ള പ്രാദേശികമായ ധാരണകളാവാം.