
വിതുര: തൊളിക്കോട് പഞ്ചായത്തിലെ തുരുത്തി വാർഡിൽ ഉൾപ്പെടുന്ന പ്ലാന്തോട്ടം നാല് സെന്റ് കോളനിക്കകം നിവാസികൾക്ക് ഇനി സുഗമമായി വഴി നടക്കാം.
തൊളിക്കോട് പഞ്ചായത്തിലെ തുരുത്തി വാർഡിൽ ഉൾപ്പെടുന്ന പ്ലാന്തോട്ടം നാല് സെന്റ് കോളനിക്കകത്ത് റോഡ് നിർമ്മിക്കണമെന്ന ആവശ്യത്തിന് 25 വർഷത്തെ പഴക്കമുണ്ട്. ഇതിനായി നാട്ടുകാർ മുട്ടാത്തവാതിലുകളില്ല. മഴക്കാലത്ത് റോഡ് തോടായി മാറും. കോളനിയിലേക്ക് എത്തണമെങ്കിൽ നീന്തേണ്ട അവസ്ഥയായിരുന്നു. തകർന്നുകിടക്കുന്ന മൺപാത നിറെയെ കുഴികളാണ്. കുഴികളിൽ പതിച്ച് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് അനവധി നിവേദനങ്ങൾ നൽകി. സമരങ്ങളും നടന്നു. കോളനിനിവാസികൾ അനുഭവിക്കുന്ന ദുരിതവും, റോഡ് നിർമ്മിക്കണമെന്ന ആവശ്യവും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലാപഞ്ചായത്തംഗം സോഫിതോമസും, തുരുത്തി വാർഡ്മെമ്പർ എൻ.എസ്.ഹാഷിമും കോളനി സന്ദർശിക്കുകയും റോഡ് നിർമ്മിച്ചുനൽകാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. തുടർന്ന് അടിയന്തരമായി ഫണ്ട് അനുവദിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യുകയായിരുന്നു.
റോഡിന്റെ ഉദ്‌ഘാടനം ഉത്സവാന്തരീക്ഷത്തിൽ നടന്ന യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഡി. സുരേഷ് കുമാർ നിർവഹിച്ചു ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി,തൊളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല, തൊളിക്കോട് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോട്ടുമുക്ക് അൻസർ, തുരുത്തി വാർഡ് മെമ്പർ എൻ.എസ്. ഹാഷിം, പരപ്പാറ വാർഡ് മെമ്പർ ചായം സുധാകരൻ, ചെട്ടിയാംപാറ വാർഡ്മെമ്പർ പ്രതാപൻ, ചായം വാർഡ് മെമ്പർ ശോഭനകുമാരി, പുളിമൂട് വാർഡ് മെമ്പർ ജെ.അശോകൻ, മുൻ പരപ്പാറ വാർഡ് മെമ്പർ ടി.നളിന കുമാരി, കണ്ണങ്കര ഭുവനചന്ദ്രൻ, ഭദ്രം ജി. ശശി,ഷൈൻ പുളിമൂട്, ആനപ്പെട്ടി ഹുസ്സൈൻ, അശോകൻ പുളിച്ചമാല, ജലാൽ കോളനിക്കകം ,സുഗത ,ബാലചിത്ര എന്നിവർ പങ്കെടുത്തു.