
കല്ലമ്പലം: തനിച്ച് താമസിക്കുകയായിരുന്ന വിധവയായ സ്ത്രീയെ വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിക്കാൻ ശ്രമിച്ച മദ്ധ്യവയസ്കൻ അറസ്റ്റിൽ. മടവൂർ ചേങ്കോട്ടുകോണം രാജി മന്ദിരത്തിൽ സത്യനാണ് (54 -ഉണ്ണി) അറസ്റ്റിലായത്. കഴിഞ്ഞ 22 നാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ പ്രതി കഴിഞ്ഞ കുറെ നാളുകളായി ലൈംഗിക ചേഷ്ടകൾ കാണിച്ചും ഭീഷണിപ്പെടുത്തിയും സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. പലതവണ വിലക്കിയെങ്കിലും ഇയാൾ പിന്മാറിയില്ല. പ്രതിയെ പേടിച്ച് വീടിന് പുറത്തിറങ്ങാൻ പോലും ഭയപ്പെട്ട സ്ത്രീയെ വീടിനുള്ളിൽ അതിക്രമിച്ച് കയറി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ പള്ളിക്കൽ പൊലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുകയുമായിരുന്നു. പള്ളിക്കൽ സി.ഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സാഹിൽ.എം, ബാബു, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ അജീസ്, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.