സലാം ബാപ്പുവിന്റെ ആയിരത്തൊന്നാം രാവ് ദുബായിൽ ആരംഭിച്ചു

jumana-khan

ഷെയ്‌ൻ നിഗമിനെ നായകനാക്കി സലാം ബാപ്പു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ആയിരത്തൊന്നാം രാവ് എന്നു പേരിട്ടു. ദുബായിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ ജുമാന ഖാൻ ആണ് നായിക. കണ്ണൂർ സ്വദേശിയായ ജുമാന ഖാൻ ദുബായിലാണ് സ്ഥിരതാമസം. സമൂഹമാദ്ധ്യമത്തിൽ താരമാണ് ജുമാന. സൗബിൻ ഷാഹിർ, രൺജി പണിക്കർ, ജോയ് മാത്യു, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത് അലക്സാണ്ടർ, അഫ്‌സൽ അച്ചൻ തുടങ്ങിയവരോടൊപ്പം യു.എ.ഇയിലെ നിരവധി കലാകാരന്മാരും അണിനിരക്കുന്നു. ഭാവന നായികയായി അഭിനയിച്ച ശ്രീകൃഷ്ണ അറ്റ് ജി മെയിൽ. കോം എന്ന കന്നട ചിത്രത്തിനു വേണ്ടിയായിരുന്നു സലാം ബാപ്പു ആദ്യമായി തിരക്കഥ രചിക്കുന്നത്. മോഹൻലാലും ആസിഫ് അലിയും ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ എത്തിയ റെഡ് വൈനാണ് സലാം ബാപ്പു സംവിധാനം ചെയ്ത ആദ്യ ചിത്രം. മമ്മൂട്ടി നായകനായി അഭിനയിച്ച മംഗ്ളീഷാണ് രണ്ടാമത്തെ സിനിമ. ഇടവേളയ്ക്കുശേഷം സലാം ബാപ്പു സംവിധാനം ചെയ്യുന്ന ചിത്രമാണ് ആയിരത്തൊന്നാം രാവ് .ഹൃദയം എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ച ഹിഷാം അബ്ദുൾ വഹാബ് ആണ് ആയിരത്തൊന്നാം രാവിന് ഈണം ഒരുക്കുന്നത്. അമ്പതു ദിവസം യു.എ.ഇയിലും ഒരാഴ്ച കേരളത്തിലും ചിത്രീകരണം ഉണ്ടാകും. സുഹൈൽ കോയ ആണ് ഗാനരചയിതാവ്. ഛായാഗ്രഹണം വിഷ‌്ണു തണ്ടാശേരി, എഡിറ്റിംഗ് രഞ്ജൻ എബ്രഹാം, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ഇർഷാദ് ചെറുകുന്ന്. പ്രൊഡക്‌ഷൻ കൺട്രോളർ: ശ്രീകുമാർ ചെന്നിത്തല, ഗോൾഡൻ എസ്. പിക്ചേഴ്സിന്റെ ബാനറിൽ ശ്യാംകുമാർ എസ്, സിനോ ജോൺ തോമസ്. ഷെരീഫ് എം.പി എന്നിവർ ചേർന്നാണ് നിർമ്മാണം.