
തിരുവനന്തപുരം: സംസ്ഥാനത്ത് മരാമത്തു പ്രവൃത്തികളുടെ ഗുണമേന്മയും പരിപാലനവും ഉറപ്പുവരുത്താൻ കരാർ പണികളിൽ പൊതുമരാമത്ത് വകുപ്പ് ഏർപ്പെടുത്തിയ ഡി.എൽ.പി പരിഷ്കാരം (ഡിഫക്ട് ലയബിലിറ്റി പിരീഡ്) ലക്ഷ്യം കൈവരിച്ചു. ദേശീയപാതയിലെ 160 വർക്കുകളും 60 പാലങ്ങളും ഉൾപ്പെടെ 2,150ലേറെ പണികളിൽ ഡി.എൽ.പി ബോർഡുകൾ സ്ഥാപിച്ചു. കൊല്ലം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ രണ്ടുമാസം മുമ്പ് നൂറു ശതമാനമായിരുന്നു. മാർച്ച് അവസാനത്തോടെ മറ്റിടങ്ങളിലും പൂർണമായി. മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രത്യേക താത്പര്യമെടുത്താണ് പരിഷ്കാരം നടപ്പാക്കിയത്.
നിർമ്മാണപ്രവൃത്തികളിൽ ജനകീയ മോണിറ്ററിംഗ് സാദ്ധ്യമാക്കുന്നതിനുള്ള നടപടികളുടെ തുടക്കമായിരുന്നു ഡി.എൽ.പി പ്രസിദ്ധീകരണം. ഒരു പണി പൂർത്തിയായാൽ അതിന്റെ പരിപാലന സമയം ഉൾപ്പെടെ, കരാറുകാരന്റേയും ഉദ്യോഗസ്ഥന്റെയും പേരുവിവരം സഹിതം ബോർഡ് സ്ഥാപിക്കുന്നതാണ് പദ്ധതി. പണികളിൽ എന്തെങ്കിലും അപാകത കണ്ടാൽ പൊതുജനങ്ങൾക്ക് കരാറുകാരനെയോ ഉദ്യോഗസ്ഥനെയോ അറിയിക്കാം. അവർ ഇടപെടുന്നില്ലെങ്കിൽ ടോൾഫ്രീ നമ്പർ വഴി വിവരം മന്ത്രിയുടെ ഓഫീസിൽ അറിയിക്കാം.
''
ഡി.എൽ.പി പരിഷ്കാരത്തെ ജനം ആവേശത്തോടെയാണ് സ്വീകരിച്ചത്. ബോർഡ് സ്ഥാപിച്ചശേഷം ലഭിച്ച നൂറിലധികം പരാതികൾക്ക് പരിഹാരം കാണാൻ കഴിഞ്ഞിട്ടുണ്ട്.
- പി.എ. മുഹമ്മദ് റിയാസ്,
പൊതുമരാമത്ത് വകുപ്പ് മന്ത്രി