road

തിരുവനന്തപുരം: ഡ്രെയിനേജ് പണിക്കായി റോഡ് അടച്ചതോടെ ദുരിതത്തിലായി പൂജപ്പുര വട്ടവിളയിലെ ജനങ്ങൾ. ഏതാണ്ട് ഒരു വർ‌ഷം മുമ്പാണ് പൂജപ്പുര മൈത്രീനഗർ റോഡ് ഡ്രെയിനേജ് പണിക്കായി അടച്ചത്. ഇതുവഴിയുള്ള വാഹന ഗതാഗതവും പൂർണമായി നിരോധിച്ചു. അതേസമയം പണി എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങുകയാണ്. വട്ടവിളയിൽ നിന്ന് ചെങ്കള്ളൂരിലേക്കുള്ള റോഡാണ് ജനങ്ങൾ നിലവിൽ ഗതാഗതത്തിനായി ഉപയോഗിക്കുന്നത്. എന്നാൽ ഇതുവഴി ഭാരം കയറ്റിയ വലിയ വാഹനങ്ങൾ സർവീസ് നടത്തിയതോടെ ഈ റോഡും തകർന്നു. ഒരു മാസം മുമ്പ് ഭാരം കയറ്റിയ വലിയ വാഹനം കടന്നുപോകവെ റോഡിന്റെ മദ്ധ്യഭാഗം ഇടിഞ്ഞു താഴ്ന്നു. ഇതുവഴിയുള്ള ഇരുചക്ര വാഹനയാത്രപോലും അപകടകരമാണ്. അടിയന്തര ആവശ്യങ്ങൾക്കുള്ള യാത്രയും ദുഷ്കരമാണ്. മഴ തുടങ്ങിയതോടെ റോഡിൽ ചെളി നിറഞ്ഞ് കാൽനടയാത്രപോലും ദുഷ്കരമായിട്ടുണ്ട്. ഇവിടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു. മഴയിൽ റോഡിന്റെ വശങ്ങളിലെ സ്ളാബ് തകർന്ന് വീടുകൾക്ക് മുന്നിൽ മലിനജലം കെട്ടിക്കിടക്കുന്നതും പതിവായിട്ടുണ്ട്. അടിയന്തരമായി റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് കൗൺസിലർ മഞ്ജു മേയർക്ക് കത്ത് നൽകിയിട്ടുണ്ട്. ഫണ്ടിന്റെ അപര്യാപ്തതയാണ് പണി വൈകാൻ കാരണമെന്നും എത്രയുംവേഗം ഫണ്ട് അനുവദിക്കുമെന്നും മേയർ അറിയിച്ചെന്നും കൗൺസിലർ പറഞ്ഞു.