
ബാലരാമപുരം:വേനലവധിയിൽ കുട്ടികൾക്ക് വീട്ടിലിരുന്ന് കളിച്ചു രസിച്ചു പഠിക്കാൻ നേമം യു.പി.എസിൽ പഠനക്കിറ്റുകൾ ഒരുങ്ങുന്നു.ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലയിലെ നേമം ഗവ.യു.പി.എസിൽ ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ പഠിക്കുന്ന 723 കുട്ടികൾക്ക് കിറ്റ് വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അദ്ധ്യാപകർ.പൊതു വിദ്യാദ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിലാണ് വിദ്യാലയങ്ങൾ മുഖേന പഠനകിറ്റ് കുട്ടികളിലെത്തിക്കുന്നത്.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പഠനപോഷണ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.ഉല്ലാസ ഗണിതം പദ്ധതിയിലുൾപ്പെടുത്തി ഒന്ന്,രണ്ട് ക്ലാസുകളിലും ഗണിത വിജയം പദ്ധതിയുടെ ഭാഗമായി മൂന്ന്, നാല് ക്ലാസുകളിലേയും കുട്ടികൾക്ക് വീട്ടിലിരുന്ന് ഗണിത പഠനപ്രവർത്തനങ്ങളിലേർപ്പെടാം.ചതുഷ്ക്രിയകൾ അനായാസം പരിശീലിക്കുന്നതിനാവശ്യമായ സംഖ്യാ കാർഡുകൾ,ഗെയിം ബോർഡുകൾ ,ഡയസ് കട്ടകൾ തുടങ്ങി വ്യത്യസ്തതയാർന്ന പഠനസാമഗ്രികൾ കിറ്റിലുണ്ട്.കൊവിഡ് മഹാമാരി കുട്ടികളിലുണ്ടാക്കിയ പഠനവിടവുകൾ നികത്തുന്നതിന്റെ ഭാഗമായി യു.പി വിഭാഗം കുട്ടികളുടെ വീട്ടിൽ സാമൂഹ്യ ശാസ്ത്രലാബും ശാസ്ത്രലാബും എൽ.പി,യു.പി വിഭാഗം കുട്ടികളുടെ വീട്ടിൽ ഗണിതശാസ്ത്ര ലാബും നേരത്തെ സജ്ജീകരിച്ചിരുന്നു.കിറ്റുകൾ വിതരണം ചെയ്യുന്നതിന്റെ മുന്നോടിയായി ഉപജില്ലാ തലത്തിൽ അദ്ധ്യാപകർക്കും സ്കൂൾ തലത്തിൽ രക്ഷിതാക്കൾക്കും പഠനോപകരണങ്ങൾ പരിചയപ്പെടുത്തുന്നതിനുള്ള കൂട്ടായ്മകളും സംഘടിപ്പിച്ചിരുന്നു.ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലയിലെ 52 എൽപി, വിദ്യാലയങ്ങളിലെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ 6286 കിറ്റുകളാണ് വിതരണം ചെയ്യുന്നതെന്ന് സമഗ്രശിക്ഷ കേരളം ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ എസ്.ജി അനീഷ് പറഞ്ഞു.