
തിരുവനന്തപുരം: നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനം പുനഃപരിശോധിക്കണമെന്ന സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച നടപടിക്കെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് വിളിച്ചുചേർത്ത ജനപ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി അറിയിച്ചത്. 2021ൽ സംസ്ഥാന സർക്കാർ നൽകിയ വിശദമായ റിപ്പോർട്ടിൽ ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കിയിരുന്നു. ഈ റിപ്പോർട്ട് കേന്ദ്ര വനം -പരിസ്ഥിതി വകുപ്പ് കൈപ്പറ്റിയെങ്കിലും കരട് വിജ്ഞാപനം പുറപ്പെടുവിച്ചപ്പോൾ ഇക്കാര്യം പരിഗണിക്കപ്പെട്ടില്ല. ഇതാണ് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചത്.ജനവാസ മേഖലയെ ഒഴിവാക്കി പരിസ്ഥിതിലോല മേഖല നടപ്പാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.ഇത് വീണ്ടും കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ കൊണ്ടുവരും.നിലവിൽ പുറപ്പെടുവിച്ച കേന്ദ്ര വിജ്ഞാപനത്തിൽ 71.27 സ്‌ക്വയർ കിലോമീറ്ററാണ് ഉൾപ്പെടുന്നത്. എന്നാൽ 2021 ഫെബ്രുവരി 11ന് സംസ്ഥാനം നൽകിയ റിപ്പോർട്ടിൽ ജനവാസമേഖലയെ ഒഴിവാക്കി 52.036 സ്‌ക്വയർ കിലോമീറ്ററാക്കി കുറച്ചിരുന്നു. ഇതിൽ നിന്ന് അമ്പൂരി,കള്ളിക്കാട്,വിതുര, കുറ്റിച്ചൽ പഞ്ചായത്തുകളിലെ ജനവാസ മേഖലയെ പൂർണമായി ഒഴിവാക്കി ഈ പ്രദേശങ്ങളിലെ ആദിവാസി വിഭാഗങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കുന്ന ഇക്കോ സെൻസിറ്റീവ് സോണാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.ജനപ്രതിനിധികൾ പങ്കുവച്ച ആശങ്ക സംസ്ഥാന സർക്കാരിന്റെ അഭിപ്രായത്തിന് അനുസരണമാണെന്നും ആശങ്ക കേന്ദ്രത്തെ അറിയിച്ച് പരിഹാരം കണ്ടശേഷമേ അന്തിമ വിഞ്ജാപനം ഉണ്ടാകൂവെന്നും മന്ത്രി ഉറപ്പു നൽകി.
യോഗത്തിൽ എം.എൽ.എമാരായ സി.കെ.ഹരീന്ദ്രൻ, ജി. സ്റ്റീഫൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ്, കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ, അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് വത്സലാ രാജു, കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ, വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്, തിരുവനന്തപുരം എ.ഡി.എം ഇ. മുഹമ്മദ് സഫീർ, തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
ബഫർ സോണിനെ തെറ്റിദ്ധരിക്കരുത്
വന്യജീവി സങ്കേതത്തിലെ ബഫർ സോൺ എന്ന വാക്ക് പലപ്പോഴും തെറ്റിദ്ധാരണാജനകമായി ഉപയോഗിക്കുന്നതായി മന്ത്രി പറഞ്ഞു. വന്യജീവി സങ്കേതത്തിൽ കോർ ഏരിയ, ബഫർ സോൺ, ഇക്കോ ടൂറിസം സോൺ എന്നിങ്ങനെ മൂന്ന് മേഖലകൾ ഭരണപരമായ ആവശ്യത്തിനായി തരംതിരിച്ചിട്ടുണ്ട്.ഇതൊക്കെ സങ്കേതത്തിന് ഉള്ളിൽ വരുന്ന പ്രദേശങ്ങളാണ്.ബഫർ സോണിൽ ഏതാനും സെറ്റിൽമെന്റുകൾ നിലവിലുണ്ട്. ഇക്കോ സെൻസിറ്റീവ് സോൺ എന്നത് സങ്കേതത്തിന് പുറത്തുള്ള പ്രദേശമാണ്.ഈ പ്രദേശമാണ് കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.