ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ പഞ്ചായത്തിലെ കാരനാട് ചിറ മാലിന്യം നിറഞ്ഞ് ഇഴജന്തുക്കളുടെ താവളമായിമാറിയിട്ട് കാലങ്ങളായി. കാരനാട് ജംഗ്ഷന് സമീപം 75സെന്റോളംവരുന്ന വസ്തുവിലാണ് പഞ്ചായത്ത് കുളം സ്ഥിതിചെയ്യുന്നത്. കാലാകാലങ്ങളിൽ വരുന്ന പഞ്ചായത്ത് ഭരണ സമിതികൾ കുളം നവീകരിച്ച് പുതിയ പദ്ധതികൾ കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ല.
കുളത്തിന്റെ നവീകരണത്തിനും കുടിവെള്ള വിതരണത്തിനും പാർക്ക് നിർമിക്കുന്നതിനും 2017–18 കാലത്ത് 35 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തി. എന്നാൽ മൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് കുളം ശൂചീകരിച്ചു. 50,000 രൂപ ഉപയോഗിച്ച് ചെളിയും മാറ്റിയത് ഒഴിച്ചാൽ തുടർനടപടികളുണ്ടായില്ല. ശേഷമുള്ള മൂന്ന് മാസത്തിനുള്ളിൽ കുളം പഴയതുപോലെ കാടും പടർപ്പും മൂടി ഇഴജന്തുക്കളുടെ താവളമായി. തുടർ നടപടികളില്ലാത്തതിനാൽ കുളത്തിൽ ചെലവാക്കിയ മൂന്നര ലക്ഷം രൂപ വെള്ളത്തിലായത് മാത്രം മിച്ചം. ഇപ്പോഴും 2022-23 ബഡ്ജറ്റിലും പഞ്ചായത്ത് ഭരണസമിതി ഈ കുളം നവീകരണത്തിന് ഫണ്ട് നീക്കിവച്ചിട്ടുണ്ട്. ഇതെങ്കിലും യാഥാർത്ഥ്യമാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
കുളം വൃത്തിയാക്കണം
വേനൽക്കാലം തുടങ്ങുന്നതോടെ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമാകും. ദീർഘവീഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്കരിച്ച് കുളം വൃത്തിയാക്കിയാൽ കടുത്ത വേനൽലക്കാലത്തും കൃഷി ആവശ്യത്തിന് ഇവിടത്തെ വെള്ളം ഉപയോഗിക്കാനാകും. അടിയന്തരമായി കുളം വൃത്തിയാക്കുന്നതിന് പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പഞ്ചായത്തിലെ കാടുകയറിയ പ്രദേശങ്ങൾ മുഴുവൻ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വൃത്തിയാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഈ കുളത്തെ മാത്രം പഞ്ചായത്ത് കണ്ട മട്ടില്ല. ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടെയുള്ള സ്കൂളുകളിലെ കുട്ടികൾക്കും നീന്തൽക്കുളമായാൽ പ്രയോജനം ലഭിക്കും.
കായിക താരങ്ങൾക്ക് പ്രതീക്ഷ
ഏറെ കായിക പ്രേമികളുള്ളതും നീന്തൽ താരങ്ങൾ ഉള്ളതുമായ പഞ്ചായത്താണ് ഉഴമലയ്ക്കൽ. സമീപ പഞ്ചായത്തുകളിൽ നിന്നുപോലും നിരവധി യുവതീ യുവാക്കളാണ് ഉഴമലയ്ക്കലിലെ കായിക പരിശീലനത്തെ ആശ്രയിക്കുന്നത്. ഇവിടെനിന്നും പരിശീലനം പൂർത്തിയാക്കിയവർ ഏറെയുണ്ട്. അതുപോലെ നീന്തൽ താരങ്ങൾക്കായി കാരനാട് ചിറ നവീകരിച്ച് നീന്തൽക്കുളം സ്ഥാപിച്ചാൽ സമീപ പഞ്ചായത്തുകളിൽ നിന്നുപോലും ഇവിടേക്ക് പരിശീലനത്തിനായി കുട്ടികൾ എത്തും. പഞ്ചായത്ത് ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികളായ രക്ഷിതാക്കളും ആവശ്യപ്പെടുന്നു.