rrt

കാട്ടാക്കട: കാട്ടാക്കട കുളത്തോട്ടുമല ഊറ്റുകുഴിക്കടുത്ത് പുലിയെ കണ്ടതായി നാട്ടുകാർ. ഇതേ തുടർന്ന് പരുത്തിപ്പള്ളി ഫോറസ്റ്റിലെ ആർ.ആർ.ടി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടേതിന് സമാനമായി കണ്ട കാൽപ്പാടുകൾ സംഘം പരിശോധിച്ചു. കാൽപ്പാടുകൾ കഴിഞ്ഞ മാസം വിളവൂർക്കലിൽ കണ്ട കാട്ടുപൂച്ചയുടെ കാൽപ്പാടുമായി സാമ്യം ഉണ്ടെന്ന് സംഘം പറഞ്ഞു. വനത്തിൽ നിന്ന് വളരെ ദൂരെയുള്ള ഈ ഭാഗത്ത് പുലിയെ കാണാനുള്ള സാദ്ധ്യതയില്ല. കാട്ടുപൂച്ച രാത്രിയിൽ ഇര തേടുന്നതിനിടെ റോഡ് മുറിച്ചു കടന്നപ്പോൾ ഇരുചക്രവാഹന യാത്രക്കാർ കണ്ട് പുലിയാണെന്ന് സംശയിച്ചതാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

എന്നാലും ഈ ഭാഗത്ത് നിരീക്ഷണം തുടരും. വ്യാഴാഴ്ച രാത്രി എട്ടരയോടെ ചാരുപാറ സ്വദേശി ക്രിസ്തുദാസിന്റെ പുരയിടത്തിലേക്കാണ് പുലിയെപ്പോലുള്ള ജീവി റോഡ് മുറിച്ച് ഓടിപ്പോകുന്നത് ബൈക്ക് യാത്രക്കാർ കണ്ടത്. തുടർന്ന് നാട്ടുകാരും പൊലീസും സ്ഥലത്ത് തെരച്ചിൽ നടത്തിയപ്പോഴാണ് റോഡരികിൽ കാൽപ്പാട് കണ്ടെത്തിയത്. തുടർന്ന് രാത്രിതന്നെ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.