vrinda

കണ്ണൂർ: സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം മുഖ്യലക്ഷ്യമെന്നത് ബി.ജെ.പി-ആർ.എസ്.എസ് സഖ്യത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുകയാണെന്നും രാജ്യസ്നേഹികളായ ഓരോ പൗരനും ആഗ്രഹിക്കുന്നത് അതാണെന്നും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്തിന്റെ ജനാധിപത്യ മതനിരപേക്ഷ ഘടനയ്ക്ക് ആഘാതമേൽപ്പിക്കുന്ന ആപത്കരമായ നയസമീപനങ്ങളുമായി നീങ്ങുന്ന ബി.ജെ.പിക്കെതിരായ പോരാട്ടമേറ്റെടുക്കേണ്ടത് ജനങ്ങളുടെ പ്രസ്ഥാനമായ സി.പി.എമ്മിന്റെ കടമയാണ്. രാഷ്ട്രീയ പാർട്ടികൾക്ക് അപ്പുറത്തേക്ക് എല്ലാ തലങ്ങളിലുമുള്ള സാമൂഹ്യപ്രസ്ഥാനങ്ങളെയും പോരാട്ടത്തിൽ അണിചേർക്കുകയാണ് ലക്ഷ്യം. രാജ്യത്ത് പല തലങ്ങളിൽ ആകസ്മികമായ പ്രക്ഷോഭങ്ങളുണ്ടാകുന്നുണ്ട്. പൗരത്വഭേദഗതിക്കെതിരായ പ്രക്ഷോഭം ഇതിലാദ്യത്തേതായിരുന്നു. കർഷകസമരം പിന്നീടുണ്ടായി. അത്തരം സമരൈക്യം ശക്തിപ്പെടുത്തി പരമാവധി രാഷ്ട്രീയശക്തി സംഭരിക്കണമെന്നും വൃന്ദ കാരാട്ട് പറഞ്ഞു.