
തിരുവനന്തപുരം: ഒരു ബൈബിൾ എത്ര പ്രാവശ്യം പകർത്തിയെഴുതും? ഒരു തവണ അല്ലെങ്കിൽ രണ്ടു തവണ. എന്നാൽ, ഇന്ന് രാവിലെ 8.30ന് പാളയം എൽ.എം.എസ് കോമ്പൗണ്ടിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യുന്നത്, കവടിയാർ സത്യദാസ് ലെയിനിൽ ഇമ്മാനുവേൽ ഹെന്ററി എഴുതുന്ന മൂന്നാമത്തെ ബൈബിളാണ്. അതും ജർമ്മൻ ഭാഷയിൽ. തമിഴ്, മലയാളം ഭാഷകളിൽ ഇമ്മാനുവേൽ ബൈബിൾ പകർത്തിയെഴുതിക്കഴിഞ്ഞു. അത് ലിംക ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടവും കിട്ടി. തുടർന്നാണ് ജർമ്മൻ ഭാഷ പഠിച്ചെടുത്ത് ബൈബിൾ പകർത്താനായി തീരുമാനിച്ചത്. ബി.എസ്.എൻ.എല്ലിൽ നിന്ന് എൻജിനിയറായി വിരമിച്ച ശേഷമാണ് നാഗർകോവിൽ സ്വദേശി ഇമ്മാനുവേൽ ബൈബിൾ പകർത്തിയെഴുതാൻ ആരംഭിച്ചത്. 430 പേർ ചേർന്ന് ബൈബിൾ പകർത്തിയെഴുതി എന്ന 2006ലെ പത്രവാർത്തയാണ് പ്രചോദമായത്. 2007 ജനുവരി ഒന്നിന് എഴുതിത്തുടങ്ങി. 2011ൽ ലിംക ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംനേടി. 2015ലാണ് ബൈബിൾ മലയാളം കൈയെഴുത്ത് പ്രതി എഴുതിയത്. രണ്ട് കൈയെഴുത്തുപ്രതികളും സ്കാൻ ചെയ്ത് പുസ്തകമാക്കി ഇറക്കിയത് ബൈബിൾ സൊസൈറ്റി ഒഫ് ഇന്ത്യയാണ്.
2020 മാർച്ച് 31ന് ജർമ്മൻ ഭാഷയിൽ എഴുതാൻ തുടങ്ങിയ ബൈബിൾ പുതിയ നിയമം 566 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ഏതെങ്കിലും ഒരു യൂറോപ്യൻ ഭാഷയിൽ ഇതു പകർത്തിയെഴുതണമെന്ന മോഹമാണ് ജർമ്മൻ ഭാഷയിലെത്തിച്ചതെന്ന് ഇമ്മാനുവേൽ ഹെന്ററി പറയുന്നു. നിലവിൽ ഹിന്ദി ബൈബിൾ കൈയെഴുത്തിന്റെ തിരക്കിലാണ് ഇമ്മാനുവേൽ.