d

തിരുവനന്തപുരം: തൂശനിലയിൽ തുമ്പപ്പൂ ചോറും 21 ഇനം കറികളും കൊണ്ട് ദേവിക്കുള്ള അമൃതേത്താണ് കരിക്കകം ശ്രീചാമുണ്ഡീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന സമൂഹസദ്യ. അവിയൽ, തോരൻ, കിച്ചടി, ഇഞ്ചി, നാരങ്ങ, മാങ്ങ,​ ഉപ്പേരി,​ പുളിശേരി,​ രസം,​ മോര് തുടങ്ങീ 21 ഇനം കറികളും ചോറും ഇലയിൽ നിറയുമ്പോൾ കല്യാണ സദ്യ പോലും തോറ്റുപോകും. അന്നദാനം മഹാദാനം എന്ന വചനം അന്വർത്ഥമാക്കി ക്ഷേത്രം ട്രസ്റ്റ് നൽകുന്ന ഭക്ഷണം കഴിക്കാനായി ജില്ലയുടെ പലയിടങ്ങളിൽ നിന്നായി ഇരുപതിനായിരത്തോളം പേരാണ് ദിവസവും എത്തുന്നത്.

ഒറ്റപന്തിയിൽ 1200 പേർക്കാണ് സദ്യ വിളമ്പുന്നത്. ഇത്തരത്തിൽ 20 പന്തിവരെ നീളാറുണ്ട്. ദിവസവും 25-30 ചാക്ക് അരിയാണ് ഉപയോഗിക്കുന്നത്. ശനി,​ ഞായർ ദിവസങ്ങളിൽ ഭക്തജനങ്ങളുടെ തിരക്കേറുന്നതിനാൽ 35 - 40 ചാക്ക് വരെയാകും. പച്ചക്കറികൾ ഒരു ദിവസം മാത്രമെ ഉപയോഗിക്കൂ. അടുത്ത ദിവസം ഉപയോഗിക്കുന്നത് ഫ്രഷ് പച്ചക്കറികളായിരിക്കും. രാവിലെ 11 മുതൽ രണ്ട് വരെയാണ് അന്നദാന സദ്യയെങ്കിലും ധാരാളം പേർ എത്തുന്നതിനാൽ നാല് മണിവരെ നീളാറുണ്ടെന്ന് ചുമതലയുള്ള ക്ഷേത്രഭരണസമിതി അംഗം ബി. വിജയകുമാർ പറഞ്ഞു. രാവിലെ 10.30ന് ക്ഷേത്രപൂജാരി നിവേദിച്ച ശേഷമാണ് സദ്യ തുടങ്ങുന്നത്. 13 വർഷമായി കൊടുങ്ങാനൂർ സ്വദേശി എ. ഉദയകുമാറിന്റെ നേതൃത്വത്തിൽ നാൽപതോളം പേർ ചേർന്നാണ് കരിക്കകത്തെ സദ്യവട്ടങ്ങൾ ഒരുക്കുന്നത്. ഓരോ ദിവസവും ഓരോ പായസമായിരിക്കും.

പൊങ്കാല 13ന്

ബുധനാഴ്ച രാവിലെ 9.40ന് ക്ഷേത്ര തന്ത്രി പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ പൊങ്കാലയ്‌ക്ക് തുടക്കമാകും. ഉച്ചയ്‌ക്ക് 2.15നാണ് പൊങ്കാല നിവേദിക്കുക. 12ന് രാവിലെ 8.40 മുതൽ നെയ്യാണ്ടിമേളം,​ പഞ്ചവാദ്യം,​ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ തങ്കരഥത്തിൽ ദേവിയുടെ പുറത്തെഴുന്നള്ളത്ത് നടക്കും.രാത്രി എഴുന്നള്ളത്ത് ക്ഷേത്രത്തിൽ മടങ്ങിയെത്തും.