വർക്കല: പാളയംകുന്ന് ജനതാ ജംഗ്ഷൻ കടവുംകര റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായിട്ട് കാലങ്ങൾ ഏറെ. ഇലകമൺ പഞ്ചായത്തിലെ 10, 12 വാർഡുകളിലൂടെ കടന്നുപോകുന്ന രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. ജല അതോറിട്ടിയുടെ പൈപ്പുകൂടി വന്നതോടെ കാൽനടയാത്രപോലും ദുസ്സഹമായി. റോഡ് തകർന്നതോടെ ഓട്ടോറിക്ഷകൾ ഇതുവഴി പോകാൻ തയ്യാറാകുന്നില്ല.

റോഡിന്റെ പുനർനിർമാണം 10 വർഷം മുമ്പാണ് നടന്നത്. ജില്ലാപഞ്ചായത്തംഗത്തിന്റെ വികസന ഫണ്ടുപയോഗിച്ചാണ് റോഡ് നവീകരിച്ചത്. റോഡ് തകർന്നത് പഞ്ചായത്തധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി വൈകുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. റോഡ് എത്രയും വേഗം സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനതാ ജംഗ്ഷൻ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്

കെ.പി. തുളസീധരന്റെ നേതൃത്വത്തിൽ ജില്ലാപഞ്ചായത്തംഗം ഗീതാനസീറിന് നിവേദനം നൽകിയിട്ടും നടപടികൾ വൈകുന്നതിൽ കടുത്ത പ്രതിഷേധമാണ് നാട്ടുകാർക്കുള്ളത്.