abraham-joseph

തിരുവനന്തപുരം: എബ്രഹാം ജോസഫിന്റെ വേർപാടോടെ മാർ ഇവാനിയോസ് കോളേജിൽ അദ്ദേഹം പഠിപ്പിച്ച വിദ്യാർത്ഥികൾക്കുണ്ടാകുന്ന നഷ്‌ടം നികത്താനാവാത്തതാണ്. ബ്രെയിൻ ഒഫ് കേരളയെന്ന് അറിയപ്പെട്ടിരുന്ന എബ്രഹാം ജോസഫ് ഒരുകാലത്ത് ദൂരദർശൻ അടക്കമുളള ടി.വി ചാനലുകളിൽ ക്വിസ് മാസ്റ്ററായാണ് ശ്രദ്ധേയനാകുന്നത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ സാജൻ ജെ. വെണ്ണിയൂരിനൊപ്പം മാർ ഇവാനിയോസ് കോളേജിനെ പ്രതിനിധീകരിച്ച് ബ്രെയിൻ ഒഫ് കേരള ക്വിസ് ചാമ്പ്യൻഷിപ്പിൽ വിജയിയായി. ഇന്ത്യൻ ടെലിവിഷൻ ക്വിസ് ഷോകളുടെ പിതാവെന്ന് അറിയപ്പെട്ടിരുന്ന സിദ്ധാർത്ഥ ബസു ചാനലുകളിൽ തിളങ്ങുന്ന സമയത്താണ് എബ്രഹാം ജോസഫ് മലയാളി പ്രേക്ഷകർക്കിടയിലേക്ക് എത്തുന്നത്. ഉന്നത വിദ്യാഭ്യാസം അടക്കമുള്ള വിഷയങ്ങളിൽ അദ്ദേഹം നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കെ.സി.ബി.സിയുടെ മികച്ച അദ്ധ്യാപകനുള്ള അവാർഡ് നേടിയ അദ്ദേഹത്തിന് ക്വിസ് മാസ്റ്റർ എന്ന നിലയിലും നിരവധി അംഗീകാരങ്ങൾ തേടിയെത്തി. ഒന്നു മുതൽ 8 വരെ ക്ലാസിലെ വിദ്യാർത്ഥികൾക്കായി 'ദി ലൈറ്റ് ഇയേഴ്സ്' എന്ന ഗ്രന്ഥ പരമ്പരയും, 'യുവർ ടൈം സ്റ്റാർട്ട്സ് നൗ' എന്ന ക്വിസ് സംബന്ധിയായ ഗ്രന്ഥവും രചിച്ചിട്ടുണ്ട്.

ഇവാനിയോസിൽ നിന്ന് പ്രീഡിഗ്രിയും ബിരുദവും ബിരുദാനന്തര ബിരുദവുമെല്ലാം പഠിച്ചിറങ്ങിയശേഷം 1983ൽ അവിടെ തന്നെ അദ്ധ്യാപകനായി പ്രവേശിച്ചു. 35 വർഷത്തെ സേവനത്തിന് ശേഷം 2018ലാണ് വിരമിച്ചത്. പഠിച്ച ഏഴ് വർഷവും കോളേജ് യൂണിയൻ ഭാരവാഹിയായിരുന്നു. കോളേജ് യൂണിയൻ ചെയർമാൻ (രണ്ട് വർഷം), യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ, മാഗസിൻ എഡിറ്റർ, സർവകലാശാല യൂണിയൻ ഭാരവാഹി എന്നീ നിലകളിൽ തിളങ്ങി. വിദ്യാർത്ഥിയായിരിക്കുമ്പോൾ സജീവ കെ.എസ്.യു പ്രവർത്തകനായിരുന്നു. ഇന്നലെ രാവിലെയും കോളേജിന്റെ വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ അദ്ദേഹം സജീവമായിരുന്നു.

എബ്രഹാം ജോസഫിന്റെ ഇംഗ്ലീഷ് ക്ലാസുകളെല്ലാം രസകരമായിരുന്നുവെന്ന് അദ്ദേഹം പഠിപ്പിച്ച വിദ്യാർത്ഥികൾ ഓർക്കുന്നു. ഇംഗ്ലീഷ് നോവലുകളും നാടകങ്ങളുമെല്ലാം അഭിനയിച്ചായിരുന്നു പഠിപ്പിച്ചിരുന്നത്. കഥാപാത്രങ്ങൾക്ക് നടന്മാരുടെ ശബ്‌ദം നൽകിയായിരുന്നു അനുകരണമെന്നും വിദ്യാർത്ഥികൾ പറയുന്നു. മറ്റ് ഡിപ്പാർട്ട്‌മെന്റുകളിലെ വിദ്യാർത്ഥികളും എബ്രഹാം ജോസഫിന്റെ ക്ലാസ് കേൾക്കാൻ ഇംഗ്ലീഷ് വിഭാഗത്തിലേക്ക് എത്തിയിരുന്നു. പുനർജന്മമുണ്ടെങ്കിൽ ഇവാനിയോസ് കോളേജിൽ കാക്കയായും പ്രാവായും താനെത്തുമെന്ന് പല ക്ലാസുകളിലും വിദ്യാർത്ഥികളോട് പറഞ്ഞിട്ടുണ്ട്. മനുഷ്യ സ്‌നേഹിയായ അദ്ധ്യാപകനായിരുന്നു എബ്രഹാം ജോസഫെന്നും എന്ത് ത്യാഗം സഹിച്ചും ബന്ധങ്ങൾ കാത്തുസൂക്ഷിച്ചിരുന്നതായും മാർ ഇവാനിയോസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ഷേർളി സ്റ്റുവർട്ട് പറഞ്ഞു.