kova

കോവളം: കോടികൾ ചെലവിട്ട് നിർമ്മിച്ച കോവളത്തെ സെെലന്റ് വാലിയുടെ തലവിധി മാറുന്നില്ല. പരാധീനതകളുടെ നടുവിൽ മുങ്ങിത്താഴുന്ന അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ കോവളത്തെ സെെലന്റ് വാലിയെ പൊതു സംരംഭകരെ ഏല്പിക്കാൻ പദ്ധതിയിട്ടെങ്കിലും അതും ചുവപ്പ് നാടയിൽ കുരുങ്ങി നീണ്ടു പോവുകയാണ്. പല പ്രതിസന്ധികളും കാരണം നടത്തിപ്പ് വൈകിയതിനാലാണ് വിനോദ സഞ്ചാര വകുപ്പിൽ നിന്ന് സെെലന്റ് വാലി പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യ സംരംഭകരെ ഏല്പിക്കാൻ അധികൃതർ തീരുമാനിച്ചത്.

2015ലാണ് സെെലന്റ് വാലി പദ്ധതിയുടെ നിർമ്മാണം പൂർത്തിയായത്. അഞ്ച് കോടിയോളം മുടക്കി നിർമ്മാണം പൂർത്തിയാക്കിയ പദ്ധതി കാര്യക്ഷമമായി നടത്താൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയാതെ വന്നതാണ് തിരിച്ചടിയായത്.

നേരത്തെ ടൂറിസം വകുപ്പ് നേരിട്ട് നടത്താൻ ശ്രമിച്ച് പരാജയപ്പെട്ട പദ്ധതി നടത്തിപ്പിനായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് കെെമാറിയതാണ് അവർ സ്വകാര്യ സംരഭകരെ ഏല്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി അഞ്ച് വർഷം ടൂറിസം ഹാേസ്‌പിറ്റാലിറ്റി രംഗത്ത് പരിചയസമ്പത്തുള്ളവരിൽ നിന്ന് ടെൻഡറും ക്ഷണിച്ചിരുന്നു. എന്നാൽ അധികൃതരുടെ മെല്ലെ പോക്ക് നയം കാരണം മാസങ്ങൾ കഴിഞ്ഞിട്ടും ടെൻഡർ നടപടികൾ പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.