
കല്ലമ്പലം: തേവലക്കാട് എസ്.എൻ.യു.പി സ്കൂളിലെ പുതുതായി പണികഴിപ്പിച്ച കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് നിർവഹിച്ചു. കരവാരം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷിബുലാൽ അദ്ധ്യക്ഷനായി. നീന്തൽകുളത്തിന്റെ ഉദ്ഘാടനം ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി ബി.കെ. പ്രശാന്തൻ നിർവഹിച്ചു. നവീകരിച്ച എ.സി ഓഡിറ്റോറിയം ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഡോ. തോട്ടയ്ക്കാട് ശശി മുഖ്യപ്രഭാഷകനായി. സ്കൂൾ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി മികവുറ്റതാക്കി മാറ്റിയ മാനേജർക്ക് പേരന്റ് ആൻഡ് ടീച്ചേഴ്സ് അസോസിയേഷൻ സ്നേഹാദരവ് നൽകി. എച്ച്.എം ഷീജയെയും സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ചെങ്ങന്നൂർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുമായ കെ. ഷാഹിനയെയും ആദരിച്ചു. എൽ.എസ്.എസ്, യു.എസ്.എസ് വിജയികളായ കുട്ടികളെയും അമൃതോത്സവത്തിലും അറബിക് സബ് ജില്ല ക്വിസ് മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു. കെ.പി.എസ്.എം.എ. സംസ്ഥാന ജനറൽ സെക്രട്ടറി കൊല്ലം മണി, നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ് മാനേജർ സുഭാഷ്, കിളിമാനൂർ എ.ഇ.ഒ വി.എസ്. പ്രദീപ്, കിളിമാനൂർ ബി.ആർ.സി കോഓഡിനേറ്റർ സ്മിത, പി.ടി.എ പ്രസിഡന്റ് എസ്.പി. രാജീവ്, സ്റ്റാഫ് സെക്രട്ടറി എ.എസ്. അനില എന്നിവർ പങ്കെടുത്തു.