തിരുവനന്തപുരം: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ ഈ വർഷത്തെ സമ്മർ സ്‌കൂൾ 27ന് ഉച്ചയ്ക്ക് 2ന് മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.1984 മുതൽ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സംഘടിപ്പിക്കുന്ന സമ്മർ സ്‌കൂളിന്റെ 38-ാം പതിപ്പാണ് ഈ വർഷത്തേത്. കല, ശാസ്ത്രം, സാമൂഹിക ശാസ്ത്രം, സാഹിത്യം, സംസ്‌കാരം, പരിസ്ഥിതി, കൃഷി, വായന, കായികം, സിനിമ, നാടകം, സോഷ്യൽ മീഡിയ തുടങ്ങി വിവിധ വിഷയങ്ങളിൽ ക്ലാസ്, സംവാദം, പരിശീലനം എന്നീ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. രജിസ്‌ട്രേഷൻ ഏപ്രിൽ 19ന് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തുടങ്ങും. രാവിലെ 10.30 മുതൽ വൈകിട്ട് 4 വരെ അപേക്ഷാഫോറം വിതരണം ചെയ്യുകയും പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുകയും ചെയ്യും. 6-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കാണ് സമ്മർ സ്‌കൂൾ പ്രവേശനം. കുട്ടികളുടെ രണ്ടു ഫോട്ടോകൾ, സ്‌കൂൾ ഐഡന്റിറ്റി കാർഡ്, രക്ഷിതാവിന്റെ ഐഡന്റിറ്റി കാർഡ് എന്നിവയുൾപ്പെടെ തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ (പൊതു അവധി ഒഴികെ) അപേക്ഷകൾ സമർപ്പിക്കാം. ഫോൺ നമ്പർ: 0471 2322895.