thodu

നെയ്യാറ്റിൻകര: അവഗണനയുടെ പടുകുഴിയിൽപ്പെട്ട് ഒരു നീരുറവ കൂടി നാശത്തിലേക്ക്. പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ മഞ്ചാടിത്തലയ്ക്കൽ തോടാണ് അധികൃതരുടെ അനാസ്ഥ കാരണം വിസ്മൃതിയിലാകുന്നത്. പഞ്ചായത്തിലെ തന്നെ കോട്ടുകാൽ പ്രദേശത്ത് നിന്ന് ഉത്‌ഭവിച്ച് മാമ്പഴക്കരയ്ക്ക് സമീപം പൂവംകടവ് ഭാഗത്ത് നെയ്യാറുമായി ചേരുന്ന പഞ്ചായത്തിന്റെ മാത്രം തനത് ജലസ്രോതസ്സാണ് ബന്ധപ്പെട്ടവരുടെ അനാസ്ഥയാൽ നശിച്ചുകൊണ്ടിരിക്കുന്നത്. മഞ്ചാടിത്തലയ്ക്കൽ പെരുമ്പാവൂർ പാലത്തിന് സമീപം പെരുമ്പാവൂർ ഏലായോട് തൊട്ട് ചേർന്നാണ് 3കിലോമീറ്ററോളം ദൈർഘ്യമുളള തോട് ഒഴുകുന്നത്. പഞ്ചായത്തിലെ പാൽക്കുളങ്ങര, ആങ്കോട്, തത്തമല, പെരുങ്കടവിള, പുളിമാംകോട് തുടങ്ങിയ വാ‌‌‌ർഡുകളിലൂടെയാണ് തോട് കടന്നുപോകുന്നത്. കഴിഞ്ഞ 20 വർഷത്തോളമായി തോടിന്റെ ഇരുകരകളും ഇടിഞ്ഞ് തോടിനുള്ളിലേക്ക് വീണു. ഇപ്പോൾ ഒരു കുളത്തിന് സമാനമായാണ് തോട് കാണപ്പെടുന്നത്. കൂടാതെ ഇരുഭാഗങ്ങളിലുമായുള്ള കൈയേറ്റം തോടിന്റെ വിസ്തൃതി ഏറെയും ചുരുങ്ങിയിട്ടുണ്ട്. തോട്ടുവരമ്പിൽ നിന്ന കൂറ്റൻ വൃക്ഷങ്ങളടക്കമുള്ള പലതും മുറിച്ച് മാറ്റപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായില്ലെന്ന് പരിസ്ഥിതി പ്രവ‌ർത്തക‌‌ർ പരാതിപ്പെട്ടു.

കാലാകാലങ്ങളിൽ മാറിവരുന്ന പഞ്ചായത്ത് ഭരണസമിതികളിൽ തോട് നവീകരണം സംബന്ധിച്ച് പരാമർശമുണ്ടാവുമെങ്കിലും തോടിന്റെ അവസ്ഥയെ കണ്ട ഭാവം നടിച്ചിട്ടേയില്ലെന്നാണ് ആക്ഷേപം. തോടിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് പഞ്ചായത്തിനും ജനപ്രതിനിധികൾക്കും നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

തോടിനുള്ളിൽ കക്കൂസ് മാലിന്യവും റബ്ബർ നിർമ്മിച്ച ശേഷമുള്ള ആസിഡ് കലർന്ന മലിനജലമുൾപ്പെടെ ഈ തോട്ടിലൂടെയാണ് ഒഴുക്കിവിടുന്നത്. വിദ്യാർത്ഥികളടക്കം നിരവധിപേർ യാത്രചെയ്തിരുന്ന തോടിന് സമീപത്തെ വഴി കാടും പടർപ്പും മൂടിയ അവസ്ഥയിലാണ്.

തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയെങ്കിലും നിലവിലെ തോടിന് നവീകരണം മാത്രമില്ലെന്ന് നാട്ടുകാർ പറയുന്നു

തോടിന്റെ നാശം തോടിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന പെരുമ്പാവൂർ ഏലായിലെ കൃഷിനാശത്തിനും കാരണമായിട്ടുണ്ട്. ഒരു ചെറിയ മഴ പെയ്താലുടൻ ഇപ്പോൾ ഏലാമുഴുവൻ വെളളം നിറഞ്ഞ് കൃഷി നാശത്തിനിടയാക്കുന്നുണ്ട്. ഇവിടെ വാഴ, മരച്ചീനി, പച്ചക്കറി എന്നിവ ഇപ്പോഴും കൃഷി ചെയ്യുന്നുണ്ട്. കൃഷി നാശം സംബന്ധിച്ച് കൃഷിക്കാരടക്കമുള്ളവർ നിരവധി തവണ പരാതി നൽകിയെങ്കിലും അധികൃതർ ഇതൊന്നും ചെവിക്കൊണ്ട മട്ടില്ല. തോട്ടിനുള്ളിലെ ചെളിയും മണ്ണും മാലിന്യങ്ങളും നീക്കാതെ ഇവയെല്ലാം അടിഞ്ഞുകൂടി തോടിന്റെ സ്വാഭാവികമായ ജലമൊഴുക്കും തടസ്സപ്പെട്ട അവസ്ഥയിലാണ്.

കുളങ്ങളും ജലാശയങ്ങളും സംരക്ഷിക്കാൻ നിരവധി പദ്ധതികളും ആവശ്യാനുസരണം ഫണ്ടും അനുവദിച്ചിട്ടുണ്ടെങ്കിലും അതൊന്നും പദ്ധതി പ്രവർത്തനങ്ങളിൽ കാര്യമായ ഉപയോഗിക്കാറില്ലെന്നാണ് ആരോപണം. ജലക്ഷാമം രൂക്ഷമായി നേരിടുന്ന പഞ്ചായത്തുകളിലൊന്നാണ് പെരുങ്കടവിള. ഇത്തരത്തിൽ നാശോന്മുഖമായ തോടുകളും കുളങ്ങളുമടക്കമുള്ള ജലസ്രോതസ്സുകളെ സംരക്ഷിച്ച് ജലലഭ്യത ഉറപ്പാക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് പരിസ്ഥിതി പ്രവ‌‌ർത്തകരടക്കമുള്ളവരുടെ അഭ്യർത്ഥന.