
തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സാവത്തിന്റെ നാലാം ദിനമായ ഇന്നലെ ദർശനത്തിനെത്തിയത് ആയിരങ്ങൾ. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഇന്നലെ ക്ഷേത്രദർശനം നടത്തി. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിപുലമായാണ് ഉത്സവം ആഘോഷിക്കുന്നത്. റോഡിൽ നിന്ന് ക്ഷേത്രത്തിലേക്ക് തുറക്കുന്ന പ്രധാന വീഥിയുടെ ഇരുവശത്തും വിവിധതരം കടകളും സജീവമാണ്. ഇന്നലെ നേർച്ചകളായി അന്നദാനവും, പുഷ്പാഭിഷേകവും നടന്നു. ഉച്ചയ്ക്ക് നടന്ന അന്നദാനത്തിൽ നിരവധിപേർ പങ്കാളിയായി. ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാൻ നിശ്ചിത പോയിന്റുകളിൽ പൊലീസും വോളന്റിയർമാരും സജ്ജരാണ്. ഉത്സവനാളുകളിൽ ക്ഷേത്രത്തിനു സമീപത്തു നിന്ന് ജില്ലയുടെ വിവിധ ഇടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സിയുടെ സൗജന്യ ബസ് സർവീസുകളുണ്ട്. പ്രത്യേകമായി ക്രമീകരിച്ച രണ്ടു സ്റ്റേജുകളിലായി രാവിലെ മുതൽ രാത്രി വൈകുംവരെ വിവിധ കലാപരിപാടികൾ അരങ്ങേറും.