തിരുവനന്തപുരം: അടിയുറച്ചതും കറപുരളാത്തതുമായ സംഘടനാ പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണ് എം.വിജയകുമാറിന്റെ കേന്ദ്ര കൺട്രോൾ കമ്മിഷൻ അംഗത്വം. പാർട്ടിയിലെ അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട എല്ലാ അപ്പീലുകളും പരിശോധിക്കാനുള്ള സമിതിയാണ് കൺട്രോൾ കമ്മിഷൻ. അഞ്ചംഗ സമിതിയിലെ ഏക മലയാളിയാണ് വിജയകുമാർ.എ.കെ.പദ്മനാഭനാണ് കൺട്രോൾ കമ്മിഷൻ ചെയർമാൻ. നിലവിൽ കേരള കർഷക സംഘം സംസ്ഥാന പ്രസിഡന്റും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമാണ്. തിരുവനന്തപുരം ജില്ലയിലെ സി.പി.എമ്മിന്റെ സൗമ്യമുഖമാണ് വിജയകുമാർ.

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് വിജയകുമാറിന്റെ പൊതുപ്രവർത്തന തുടക്കം. എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ് ഐയുടെയും രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ട് നിരവധി തവണ കൊടിയ പൊലീസ് മർദ്ദനത്തിന് ഇരയായിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് നാല് മാസത്തോളം ജയിൽവാസം അനുഭവിച്ചു. നാല് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1996 മുതൽ 2001 വരെ സ്പീക്കറായും 2006 മുതൽ 2011 വരെ നിയമകാര്യ മന്ത്രിയായും പ്രവർത്തിച്ചു. പിന്നീട് കെ.ടി.ഡി.സി ചെയർമാന്റെ ചുമതലയും വഹിച്ചു.

പാർട്ടി ഏൽപ്പിക്കുന്ന ചുമതലകൾ എന്തായാലും ഉത്തരവാദിത്വത്തോടെ നിർവഹിക്കുമെന്ന് വിജയകുമാർ പറഞ്ഞു.