 വിറ്റുവരവ് 11 കോടി

തിരുവനന്തപുരം: കഴിഞ്ഞ പന്ത്രണ്ട് ദിവസമായി കനകക്കുന്നിൽ നടന്ന ദേശീയ സരസ് മേളയിൽ വിറ്റുവരവ് 11 കോടിയോളം രൂപ. കണ്ണൂരിൽ കഴിഞ്ഞതവണ നടന്ന സരസ് മേളയിൽ 9 കോടിയായിരുന്നു വിറ്റുവരവ്. കനകക്കുന്ന് നിശാഗന്ധിയിൽ നടന്ന സമാപന സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായി. എം.എൽ.എമാരായ ഡി.കെ. മുരളി, ജി. സ്റ്റീഫൻ എന്നിവരും പങ്കെടുത്തു.

മേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച ചെറുകിട സ്ത്രീ സംരംഭകർക്കും, സർഗം 2022 വിജയികൾക്കുമുള്ള അവാർഡുദാന ചടങ്ങ് നടന്നു. ചക്കയിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കുന്ന ജാക്ക് വേൾഡ് സംരംഭത്തിന്റെ ഉടമ ജ്യോതി ലതികരാജാണ് മികച്ച സംരംഭകയ്ക്കുള്ള അവാർഡ് നേടിയത്. ഇല സാനിറ്ററി പാഡ് സംരംഭം ഉടമ ഷീജയാണ് മികച്ച യുവ സംരംഭക. മികച്ച പ്രസന്റേഷനും വാർത്താ പ്രാധാന്യത്തിനുമുള്ള വാല്യൂ അവാർഡ് പശ്ചിമബംഗാളിൽ നിന്നുള്ള സെയ്ദ ചിത്രകാർ സ്വന്തമാക്കി. ആജീവിക ഫുഡ് കോർട്ടിൽ നിന്നുള്ള ഏറ്റവും മികച്ച ടീമുകളായി അരുണാചൽ പ്രദേശും ആന്ധ്രാപ്രദേശും തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും ഉയർന്ന വരുമാനം നേടിയത് കോഴിക്കോടിന്റെ സ്റ്റാളാണ്. തെലങ്കാനയ്ക്കാണ് രണ്ടാം സ്ഥാനം. എറണാകുളം ജ്യൂസ് സ്റ്റാൾ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായി. കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങൾക്ക് വേണ്ടിയുള്ള സർഗം സംസ്ഥാനതല കഥാരചന മത്സരത്തിലെ വിജയിയായി നിത തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം ധന്യ എൻ.നായർ, മൂന്നാം സ്ഥാനം ലത.ടി.വിയും നേടി. മീഡിയ അവാർഡും വിതരണം ചെയ്തു.