തിരുവനന്തപുരം: വിശുദ്ധവാരത്തിന് തുടക്കംക്കുറിച്ചുകൊണ്ട് ക്രൈസ്തവർ ഇന്നലെ ഓശാന ഞായർ ആചരിച്ചു. വിവിധ ദേവാലയങ്ങളിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളിൽ നിരവധി വിശ്വാസികൾ പങ്കാളികളായി. കൊവിഡ് വ്യാപനം കാരണം രണ്ടുവർഷത്തോളമായി നിയന്ത്രണങ്ങളോടെയായിരുന്നു വിശുദ്ധ വാരമടക്കമുള്ള തിരുക്കർമ്മങ്ങൾ ആചരിച്ചിരുന്നത്.
പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ഓശാനയുടെ തിരുക്കർമ്മങ്ങൾക്ക് മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ കാർമികത്വം വഹിച്ചു. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ ഓശാന ഞായറിന്റെ തിരുക്കർമങ്ങൾ രാവിലെ ആറിന് ആരംഭിച്ചു. കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ദിവ്യബലി എന്നീ തിരുക്കർമ്മങ്ങൾ നടന്നു. രാവിലെ 10.30നും ഉച്ചകഴിഞ്ഞ് നാലിനും വിശുദ്ധ കുർബാനയും വൈകിട്ട് 4.45ന് കുരിശിന്റെ വഴിയും ഉണ്ടായിരുന്നു.
പാളയം സെന്റ് ജോസഫ്സ് മെട്രോപ്പൊളിറ്റൻ കത്തീഡ്രലിൽ ഇന്നലെ രാവിലെ 7ന് ആരംഭിച്ച പൊന്തിഫിക്കൽ ദിവ്യബലിക്കും കുരുത്തോല വെഞ്ചിരിപ്പിനും മറ്റ് ശുശ്രൂഷകൾക്കും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. തോമസ് ജെ.നെറ്റോ കാർമ്മികനായി. പി.എം.ജി ലൂർദ് ഫൊറോന ദേവാലയത്തിലെ ഓശാന തിരുക്കർമങ്ങൾക്ക് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ കാർമ്മികനായി. പാളയം സമാധാന രാജ്ഞി ബസിലിക്ക, പാങ്ങോട് കാർമ്മൽ ഹിൽ ആശ്രമ ദേവാലയം, തിരുമല തിരുക്കുടുംബ ദേവാലയം, പാളയം സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രൽ, പോങ്ങുംമൂട് സെന്റ് ആന്റണീസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയം, നെടുമങ്ങാട് സെന്റ് ജെറോം മലങ്കര കത്തോലിക്കാ ദേവാലയം, മണ്ണന്തല വിശുദ്ധ ജോൺ പോൾ രണ്ടാമൻ മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയം, അമ്പൂരി സെന്റ് ജോർജ് ഫൊറോനാ പള്ളി എന്നിവിടങ്ങളിലും ഓശാന ഞായറിനോടനുബന്ധിച്ചുള്ള തിരുക്കർമ്മങ്ങൾ നടന്നു.