cpm-party-congress

സീതാറാം യെച്ചൂരിയെ മൂന്നാംവട്ടവും ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ബി.ജെ.പിയെ മുഖ്യശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ടാണ് സി.പി.എമ്മിന്റെ 23-ാം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ സമാപിച്ചത്. ബി.ജെ.പിയെ നേരിടുന്നതിനൊപ്പം മതനിരപേക്ഷ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ഹിമാലയൻ വെല്ലുവിളികളാണ് പുതിയ ജനറൽ സെക്രട്ടറിയെ കാത്തിരിക്കുന്നത്. ഇതിന് ദേശീയ തലത്തിലുള്ള സഖ്യം ഫലപ്രദമല്ലെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കാരണം ഓരോ സംസ്ഥാനത്തും ഓരോ കക്ഷികൾക്കാണ് പ്രാധാന്യം. ബി.ജെ.പിയുടെ മുന്നേറ്റം തടയാൻ തമിഴ്‌നാട്ടിൽ ഡി.എം.കെ, തെലങ്കാനയിൽ ടി.ആർ.എസ്, ആന്ധ്രാപ്രദേശിൽ വൈ.എസ്.ആർ കോൺഗ്രസ്, ഒഡിഷയിൽ ബി.ജെ.ഡി എന്നീ പ്രാദേശിക കക്ഷികൾക്കാണ് കഴിഞ്ഞിട്ടുള്ളത്. ഇതല്ലാതെ ബി.ജെ.പിയെ തടഞ്ഞത് ബംഗാളിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസാണ്.

കേരളത്തിൽ സി.പി.എമ്മിന്റെ മുഖ്യശത്രു തിരഞ്ഞെടുപ്പിൽ ബി.ജെ.പി അല്ല കോൺഗ്രസ് ആണെന്നതാണ് യാഥാർത്ഥ്യം. ഇവരെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുക എന്നത് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ അസാദ്ധ്യമാണ്. സി.പി.എമ്മിലെ പോലെ സമൂഹത്തിന്റെ വിശാല താത്‌പര്യങ്ങൾക്ക് സിദ്ധാന്തങ്ങളുടെ അടിത്തറയിൽ നിന്നുകൊണ്ട് മുൻതൂക്കം നൽകുന്നവരല്ല മേൽപ്പറഞ്ഞ പ്രാദേശിക കക്ഷികൾ. വ്യക്തിപരവും പ്രാദേശികവുമായ അജണ്ടകൾക്കാണ് അവർ മുൻതൂക്കം നൽകുന്നത്. അതേസമയം അധികാരത്തിനുവേണ്ടി ബി.ജെ.പിയുമായി ചേർന്ന് നിൽക്കാനും ഇതിൽ പല പ്രാദേശിക കക്ഷികൾക്കും മടിയൊന്നുമില്ല. ഈ സന്ദർഭത്തിൽ പാർട്ടി കോൺഗ്രസിൽ പ്രഖ്യാപിച്ച പുതിയ നയസമീപനവുമായി ചേർന്നുനിന്നുകൊണ്ട് ബി.ജെ.പി - ആർ.എസ്.എസ് ശക്തികളെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങൾക്കും നീക്കങ്ങൾക്കും പുതിയ ജനറൽ സെക്രട്ടറി എങ്ങനെ രൂപം നൽകുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ മുന്നോട്ട് വയ്ക്കുന്ന ബദൽ നയങ്ങൾ നിലവിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള ദേശീയ ബദലായി ഉയർത്തിക്കാട്ടുമെന്നാണ്
പാർട്ടി കോൺഗ്രസ് പറയുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര - സംസ്ഥാന ബന്ധത്തിന്റെ കാര്യത്തിലുൾപ്പെടെ നിലപാടെടുക്കാൻ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ കൂട്ടായ്‌മയ്ക്ക് സി.പി.എം മുൻകൈയെടുക്കുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പങ്കെടുപ്പിച്ച് സി.പി.എം നടത്തിയ സെമിനാറും ഈ ദിശയിലേക്കുള്ള നീക്കമായി വിലയിരുത്താം.

സിൽവർ ലൈൻ പദ്ധതി നടപ്പാക്കാനുള്ള പ്രതിബദ്ധത മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി കോൺഗ്രസിൽ അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കി. ഇക്കാര്യത്തിൽ ഭിന്നതയില്ലെന്നും താനും സംസ്ഥാന മുഖ്യമന്ത്രിയും തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്നും ദേശീയ ജനറൽ സെക്രട്ടറിയും വ്യക്തമാക്കിയിട്ടുണ്ട്. ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാൻ ചിലർ വൃഥാ ശ്രമിക്കുകയാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. അതിനാൽ സിൽവർ ലൈൻ സാദ്ധ്യമാക്കുക എന്നത് പാർട്ടി അഭിമാന പദ്ധതിയായി തുടരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ജനലക്ഷങ്ങൾ പങ്കെടുത്ത അത്യന്തം ആവേശകരമായ റാലിയോടെയാണ് പാർട്ടി കോൺഗ്രസ് സമാപിച്ചത്. 85 അംഗ കേന്ദ്ര കമ്മിറ്റിയെയും 17 അംഗ പൊളിറ്റ് ബ്യൂറോയെയും തിരഞ്ഞെടുത്തു. പി.ബിയിൽ കേരളത്തിൽ നിന്ന് എ. വിജയരാഘവനെ ഉൾപ്പെടുത്തി. കേരളത്തിൽ നിന്ന് പി. സതീദേവി, സി.എസ്. സുജാത, പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവരടക്കം കേന്ദ്ര കമ്മിറ്റിയിൽ 17 പുതുമുഖങ്ങളുണ്ട്. ബംഗാളിൽ നിന്നുള്ള രാമചന്ദ്ര ഡോം പൊളിറ്റ് ബ്യൂറോയിൽ ഇടംനേടിയ ആദ്യ ദളിത് പ്രതിനിധിയായി ചരിത്രം കുറിക്കുകയും ചെയ്തു. പാർട്ടി അംഗത്വത്തിൽ കേരളമൊഴികെ മറ്റ് സംസ്ഥാനങ്ങളിൽ കീഴ്‌പോട്ടാണ് വളർച്ച എന്നത് പാർട്ടിയെ ആശങ്കപ്പെടുത്തുന്ന ഘട്ടം കൂടിയാണിത്.

പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാർട്ടി കേന്ദ്രകമ്മിറ്റി അംഗവും നിശ്ചയദാർഢ്യമുള്ള വനിതാ നേതാവുമായിരുന്ന എം.സി. ജോസഫൈനിന്റെ വേർപാട് തീരാദുഃഖമായി മാറുകയും ചെയ്തു.

പ്രൊഫ. കെ.വി. തോമസ് പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുത്തതിൽ നിന്നും കോൺഗ്രസ് പാർട്ടിക്കും പല പാഠങ്ങളും പഠിക്കാൻ കിട്ടി. എന്നാൽ അവർ പഠിക്കേണ്ട യഥാർത്ഥ പാഠം സംഘടനാ സമിതികളെ ചെറുപ്പമാക്കാനും വനിതാ - ദളിത് പ്രാതിനിദ്ധ്യമുറപ്പിക്കാനും സി.പി.എം സ്വീകരിച്ച നടപടികളാണ്. അത് കോൺഗ്രസ് പഠിക്കാൻ പോകുന്നില്ല എന്നതാണ് ഒന്നും നടക്കാൻ പോകുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിലൂടെ മനസിലാക്കേണ്ടത്.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചുവപ്പുകോട്ടയായ കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസ് എല്ലാ അർത്ഥത്തിലും കേരളത്തിന് അഭിമാനകരമായി മാറി എന്നതും അടിവരയിട്ട് പറയേണ്ടതാണ്. കേരളത്തിന്റെ വികസന മോഡലും ബദൽ നിലപാടുകളും രാജ്യമാകെ പ്രചരിപ്പിക്കാനുള്ള ദൗത്യമാവും സി.പി.എം ഇനി ഏറ്റെടുക്കുക.