paippu-pottal

വക്കം: ഏലാപ്പുറത്ത് പൈപ്പ് പൊട്ടി തീരദേശ മേഖലകളിൽ ജലവിതരണം മുടങ്ങി. മണനാക്കിന് സമീപം ഏലാപ്പുറത്താണ് കഴിഞ്ഞ ദിവസം റോഡരുകിലെ പൈപ്പ് ലൈൻ പൊട്ടിയത്. പൊട്ടൽ അറിഞ്ഞ ഉടൻ തന്നെ കുടിവെള്ള വിതരണം അധികൃതർ നിറുത്തി വച്ചു. രാവിലെ അറ്റകുറ്റപ്പണികളും ആരംഭിച്ചു. വലിയ കാസ്റ്റ് അയൺ പൈപ്പാണ് പൊട്ടിയത്. നിരവധി തവണയാണ് ഇതേ സ്ഥലത്ത് പൈപ്പ് പൊട്ടുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നിരന്തരം പൈപ്പ് ലൈൻ പൊട്ടിയിട്ടും അതിന് കാരണം കണ്ടത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പൈപ്പ് ലൈൻ പൊട്ടിയതോടെ തീരദേശ പഞ്ചായത്തുകളായ വക്കം, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ തുടങ്ങിയ മേഖലകളിൽ ജല വിതരണം ഭാഗികമായി മുടങ്ങി.