കല്ലമ്പലം: കപ്പാംവിളയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തടി പിടിക്കാൻ കൊണ്ടുവന്ന ആന ഒന്നാം പാപ്പാൻ വെള്ളല്ലൂർ സ്വദേശി ഉണ്ണിയെ ചവിട്ടിക്കൊന്നതിന്റെ ഞെട്ടലിലാണ് കപ്പാംവിള നിവാസികൾ. ആന തടിപിടിക്കുന്നത് കുട്ടികളുമൊത്ത് സമീപവാസികൾ നോക്കി നിൽക്കെയാണ് ദാരുണമായ സംഭവമുണ്ടായത്.

ആനപ്പുറത്ത് നിന്നിറങ്ങിയ ഉണ്ണിയെ പ്രകോപിതനായ ആന തുമ്പിക്കൈയിലെടുത്ത് ചുറ്റി നിലത്തടിക്കുകയായിരുന്നു. പല തവണ അടിച്ചും ചവിട്ടിയും മരക്കഷ്ണം എടുത്തിട്ടശേഷം മൃതദേഹത്തിനരികിൽ തന്നെ ആന നിലയുറപ്പിച്ചു. സമീപവാസികളും ലോറി ജീവനക്കാരും വാവിട്ട് നിലവിളിച്ചെങ്കിലും ആനയുടെ ശ്രദ്ധ മാറിയില്ല. ആന പ്രകോപിതനാകാനുള്ള കാരണം വ്യക്തമല്ല. ആറുവർഷമായി കണ്ണൻ എന്ന ആനയുടെ പാപ്പാനാണ് ഉണ്ണി. സംഭവവത്തിനുശേഷം സ്ഥലത്ത് തടിച്ചുകൂടിയ ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസ് ഏറെ പാടുപെട്ടു.

ആന വിരണ്ട് ജനങ്ങളുടെ ഇടയിലേക്ക് ഓടിക്കയറാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ആരെയും സമീപത്തേക്ക് കടത്തിവിട്ടിരുന്നില്ല. ഒന്നര മണിക്കൂറിനുശേഷമാണ് മൃതദേഹം മാറ്റാനായത്. പിൻകാലിൽ മയക്കുവെടിവച്ച് തളച്ച ആനയെ ഏറെ പണിപ്പെട്ടാണ് ലോറിയിൽ കയറ്റിയത്.

മോഴയിനത്തിൽപ്പെട്ട കണ്ണൻ എന്ന ആന പുത്തൻകുളം സ്വദേശിയുടേതാണ്.മൂന്ന് മാസം മുമ്പ് കണ്ണന് മദപ്പാട് ഉണ്ടായിരുന്നു. എന്നാൽ മദപ്പാട് മാറി പൂർണ ശാന്തനായ ശേഷമാണ് കണ്ണനെ ജോലിക്കിറക്കിയത്. ശൗര്യക്കാരനാണെങ്കിലും കണ്ണൻ ഇതിനുമുമ്പ് ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് മറ്റ് പാപ്പാന്മാർ പറഞ്ഞു.