തിരുവനന്തപുരം: മൃഗശാല സൂപ്രണ്ട് ടി.വി. അനിൽകുമാറിനെ സ്ഥലംമാറ്റിയതിൽ ഒരു വിഭാഗം ജീവനക്കാർ‌ പ്രതിഷേധിച്ചു. ഇന്നലെ ഉച്ചയോടെ മൃഗശാല ഡയറക്ടറേറ്റിന് മുന്നിലായിരുന്നു അമ്പതോളം ജീവനക്കാരുടെ പ്രതിഷേധം. ഭരണപക്ഷ യൂണിയനിലെ നേതാവായ കീപ്പറിന്റെ താത്പര്യങ്ങൾ അനുസരിക്കാത്തതിന്റെ പ്രതികാരമാണ് നടപടിയെന്നും നീക്കത്തിനുപിന്നിൽ ഉദ്യോഗസ്ഥരുടെയും മറ്റ് ഉന്നതരുടെയും ഒത്താശയുണ്ടെന്നും ഇവർ ആരോപിച്ചു.

ആറുവർഷമായി തിരുവനന്തപുരം മൃഗശാലയിലെ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിരുന്ന അനിൽകുമാറിനെ തൃശൂർ മൃഗശാലയിലേക്കാണ് മാറ്റിയത്. ക്രമീകരണത്തിന്റെ ഭാഗമായുള്ള സാധാരണ നടപടി മാത്രമാണ് സ്ഥലംമാറ്റമെന്ന് മൃഗശാല ഡയറക്ടർ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ഉത്തരവ് കിട്ടിയതെന്നും ചിലരുടെ കള്ളക്കളിക്ക് കൂട്ടുനിൽക്കാത്തതിലുള്ള പ്രതിഫലമാണ് സ്ഥലംമാറ്റമെന്നും അനിൽകുമാർ പറഞ്ഞു. തൃശൂർ മൃഗശാല സൂപ്രണ്ട് വി. രാജേഷ് തിരുവനന്തപുരം മൃഗശാലയിൽ പകരം ചുമതലയേൽക്കും.