apr11d

ആ​റ്റിങ്ങൽ: നിർമ്മാണം പൂർത്തിയായി ഉദ്ഘാടനവും കഴിഞ്ഞെങ്കിലും ആ​റ്റിങ്ങൽ നഗരസഭയുടെ വനിതാഹോസ്​റ്റൽ ഇനിയും തുറന്നിട്ടില്ല. വനിതാ സംവരണ ചെയർപേഴ്സൺ സ്ഥാനം നിലനിൽക്കുന്ന ആറ്റിങ്ങൽ നഗരസഭയിൽ വനിതാ ഹോസ്റ്റൽ തുറക്കുന്നതിന് കാലതാമസം നേരിടുന്നത് പ്രതിഷേധത്തിന് കാരണമാകുന്നു. നഗരത്തിൽ ഉദ്യോഗത്തിനും വിദ്യാഭ്യാസത്തിനുമായെത്തുന്ന വനിതകൾക്ക് സുരക്ഷിതമായ താമസം ഒരുക്കാൻ ലക്ഷ്യമിട്ടാണ് വനിതാഹോസ്​റ്റൽ സജ്ജമാക്കിയത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഹോസ്​റ്റൽ തുറന്നു പ്രവർത്തിപ്പിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

മുൻഭരണസമിതിയുടെ കാലത്താണ് വനിതാഹോസ്​റ്റൽ നിർമ്മിച്ചത്. വലിയകുന്നിൽ നഗരസഭയുടെ ഭൂമിയിൽ മുനിസിപ്പൽ ക്വാർട്ടേഴ്സിന് സമീപമാണ് വനിതാഹോസ്​റ്റൽ നിർമ്മിച്ചത്. കെട്ടിടം പൂർത്തിയാക്കി ഉപകരണങ്ങളും സ്ഥാപിച്ചശേഷമാണ് ഉദ്ഘാടനം നടന്നത്. എന്നാൽ നാളിതുവരെ ഇത് തുറന്നുപ്രവർത്തിക്കാനുള്ള നടപടി മാത്രം ഉണ്ടായിട്ടില്ല.

ഹോസ്​റ്റൽ തുറക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി മുൻ ഭരണസമിതി മുന്നോട്ട്‌ പോകുന്നതിനിടയിലാണ് കൊവിഡ് പിടിമുറുക്കിയത്. ഇതോടെ എല്ലാം താറുമാറായി. ജോലിക്കും പഠനത്തിനും ഗവേഷണങ്ങൾക്കുമായി അന്യജില്ലകളിൽ നിന്ന് നിരവധി വനിതകൾ ആ​റ്റിങ്ങലെത്തുന്നുണ്ട്. വാടകവീടുകളിലോ സ്വകാര്യ ഹോസ്​റ്റലുകളിലോ ആണ് ഇപ്പോൾ ഇവർ താമസിക്കുന്നത്. വലിയ വാടകയാണ് സ്വകാര്യഹോസ്​റ്റലുകാർ വാങ്ങുന്നതെന്ന് പരാതിയുണ്ട്. നഗരസഭയുടെ ഹോസ്​റ്റൽ തുറന്നാൽ ഇവരിൽ കുറച്ചു പേർക്കെങ്കിലും ആശ്വാസമാകും.

എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് ഹോസ്​റ്റൽ സൗകര്യം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിരുന്നു. അടച്ചിടൽ വന്നതോടെ ഹോസ്​റ്റൽ തുറക്കുന്നത് അനിശ്ചിതത്വത്തിലായി. പിന്നീട് കൊവിഡ് നിരീക്ഷണത്തിലുള്ളവർക്ക് കഴിയാനായി ഹോസ്​റ്റൽ തുറന്നുകൊടുത്തു. കഴിഞ്ഞ മഴക്കാലത്ത് വെള്ളം കയറിയ സ്ഥലങ്ങളിൽ നിന്ന് കുടുംബങ്ങളെ മാ​റ്റിപ്പാർപ്പിച്ച കേന്ദ്രങ്ങളിലൊന്ന് ഇതായിരുന്നു. എന്നാൽ എന്തിനായാണ് കെട്ടിടം പണിതത് അതുമാത്രം നടന്നില്ല.