
തിരുവനന്തപുരം: ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ തിരുവനന്തപുരം ആസ്ഥാനമായ ബഹുഭാഷാ കണ്ടന്റ് അഗ്രിഗേറ്റർ സ്‌റ്റാർട്ടപ്പായ റിസോഴ്സിയോയിൽ നിക്ഷേപം നടത്തി. ക്രിസ് ഗോപാലകൃഷ്ണന്റെ കുടുംബസംരംഭമായ പ്രതീതി ഇൻവെസ്റ്റ്‌മെന്റ്സിലൂടെയാണ് നിക്ഷേപം.
വിജ്ഞാനകേന്ദ്രീകൃത ഉള്ളടക്കങ്ങൾ സൃഷ്ടിക്കാനും പങ്കുവയ്ക്കാനും അതിലൂടെ വരുമാനമുണ്ടാക്കാനും സഹായിക്കുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമാണ് റിസോഴ്സിയോ.
ഇംഗ്ലീഷ്, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, സംസ്‌കൃതം, അറബിക് ഉള്ളടക്കങ്ങൾ റിസോഴ്സിയോയിലുണ്ട്. ജൂലായോടെ ഹിന്ദി, ബംഗാളി കണ്ടന്റും ലഭ്യമാക്കും. വീഡിയോ കണ്ടന്റ് പോസ്റ്റ് ചെയ്യുന്ന സംവിധാനവും ഉടനുണ്ടാകുമെന്ന് കമ്പനിയുടെ സഹസ്ഥാപകയും സി.ഇ.ഒയുമായ ഗീതിക സുദീപ് പറഞ്ഞു.