
കല്ലമ്പലം : നാവായിക്കുളം കപ്പാംവിളയിൽ കണ്ണൻ എന്ന് വിളിപ്പേരുള്ള ആന ഒന്നാം പാപ്പാൻ ഉണ്ണി (54)യെ ചവിട്ടികൊന്നു എന്ന വാർത്ത കണ്ണനെ ആറിയാവുന്നവർക്ക് ആർക്കും വിശ്വസിക്കാൻ കഴിയുന്നതായിരുന്നില്ല . കഴിഞ്ഞ ആറുവർഷത്തിലധികമായി തുടങ്ങിയ ചങ്ങാത്തമാണ് കണ്ണനും പാപ്പാൻ ഉണ്ണിയും തമ്മിലുള്ളത്. മോഴയിനത്തിൽപെട്ട ആനയാണ് കണ്ണൻ. കൊമ്പുകൾ ഇല്ലായെങ്കിലും തലയെടുപ്പിലും ജോലിയിലും മിടുക്കനാണ്. കണ്ണനെ പോലെ തടിപിടിക്കാൻ മിടുക്കനായ ആനകൾ വേറെ ഇല്ലായെന്ന് തന്നെ പറയാം. മോഴ ആയതിനാൽ എഴുന്നള്ളത്തുകളിൽ അപൂർവ്വമായാണ് പങ്കെടുക്കുന്നത്. പുത്തൻകുളം സ്വദേശി സജിയുടെ ഉടമസ്ഥതയിലുള്ള കണ്ണനെ വർഷങ്ങളായി പരിപാലിക്കുന്നത് പാപ്പാൻമാരായ ഉണ്ണിയും, അനുവുമാണ്. മദപ്പാടു ഉള്ളഘട്ടത്തിൽ പോലും കണ്ണൻ ആരെയും ആക്രമിക്കാൻ ശ്രമിച്ചിട്ടില്ല. മൂന്ന് മാസങ്ങൾക്ക് മുമ്പ് കണ്ണന് മദപ്പാട് ഉണ്ടായിരുന്നു. എന്നാൽ മദപ്പാട് മാറി പൂർണ ശാന്തനായ ശേഷമാണ് കണ്ണനെ ജോലിക്കിറക്കിയത്. ഇരുപാപ്പാൻമാരോടും നല്ല ഇണക്കമായിരുന്നു കണ്ണൻ. ഒന്നാം പാപ്പാൻ ഉണ്ണി മിക്ക ദിവസങ്ങളിലും ഇടവൂർകോണത്ത് കണ്ണനെ കുളിപ്പിക്കാനും , മറ്റും കൊണ്ടുവരുമായിരുന്നു. മറ്റാരെയും ആക്രമിച്ച പശ്ചാത്തലം ഇല്ലാത്തതിനാൽ കണ്ണന് ഇടച്ചങ്ങലയും ഉപയോഗിക്കാറില്ല. പൊതുവേ ശാന്തസ്വഭാവക്കാരനായ കണ്ണൻ പാപ്പാൻ ഉണ്ണിയെ പലതവണ തുമ്പികൈയിൽ കോരിയെടുത്ത് നിലത്തടിക്കാനും ചവിട്ടിക്കൊല്ലാനും മാത്രം എന്ത് പ്രകോപനമാണ് ഉണ്ണിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർക്കും മനസിലായിട്ടില്ല. നിർധന കുടുംബാംഗമാണ് മരിച്ച ഉണ്ണി. കുടുംബത്തിന് അർഹമായ സാമ്പത്തിക സഹായം നല്കണമെന്ന ആവശ്യവും ശക്തമാണ്