വിഴിഞ്ഞം: ബൈക്ക് തടഞ്ഞു നിറുത്തി യുവാവിനെ നാലംഗ സംഘം വെട്ടിപ്പരിക്കേല്പിച്ചു. പള്ളിച്ചൽ മുടവൂർപാറ നെയ്ത്ത്‌ കോളനിക്ക് സമീപം കാണവിളി സ്വദേശി കിഷോറിനെയാണ് (24) വെട്ടിപ്പരിക്കേല്പിച്ചത്. വലത് കൈയിലും തുടയിലും കാലിലും വെട്ടേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി കോളിയൂർ ഗ്രൗണ്ടിന് സമീപമായിരുന്നു സംഭവം. സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാൻ ബൈക്കിൽ പോകുമ്പോൾ കോളിയൂർ ഭാഗത്ത് വച്ച് റോഡിലിരുന്ന യുവാക്കൾ ബൈക്ക് തടഞ്ഞ് നിറുത്തി തള്ളിയിട്ടു. ഇതോടെ ഇയാൾ ഓടി. റോഡിൽ വഴുതി വീണ ഇയാളെ സംഘം വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നുവെന്ന് തിരുവല്ലം എസ്.ഐ സതീഷ് കെ.ആർ പറഞ്ഞു. നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സംഘം കടന്നുകളഞ്ഞു. ഇവരിൽ രണ്ടുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.