
പാറശാല: കൊലക്കേസ് പ്രതി ഷാജിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതി പിടിയിലായി. ആറയൂരിൽ യുവാവിനെ അടിച്ച് കൊന്ന് ചാക്കിൽ കെട്ടി വച്ച കേസിലെ പ്രതിയാണ് ഷാജി. ഇയാളും സുഹൃത്തുക്കളായ അഞ്ച് ഗുണ്ടകളുടെ നേതൃത്വത്തിൽ സ്വന്തം അച്ഛനെ കൊലപ്പെടുത്തുകയായിരുന്നു. ചെങ്കൽ ആറയൂർ കടമ്പനത്ത് മേലെ പുത്തൻവീട്ടിൽ ആറയൂർ കൃഷ്ണനാണ് കൊലപ്പെട്ടത്. കേസിലെ അഞ്ചാം പ്രതിയായ പരശുവയ്ക്കൽ തെക്കേ ആലമ്പാറ വീട്ടിൽ രാജേഷാണ് (38) ഇപ്പോൾ അറസ്റ്റിലായത്.
ഷാജിയോടൊപ്പം ചേർന്ന് സംഘം കൃഷ്ണനെ ഭീഷണിപ്പെടുത്തി വസ്തു വകകൾ എഴുതി വാങ്ങി. തുടർന്ന് അടിച്ച് കൊന്ന് തമിഴ്നാട്ടിലെത്തിച്ച് മൃതദ്ദേഹം ആറ്റിൻകരയിൽ മറവ് ചെയ്യുകയായിരുന്നു. 2006 ജനുവരി 31നായിരുന്നു കേസിനാസ്പദമായ സംഭവം. കൃഷ്ണന്റെ മൃതദേഹം തമിഴ്നാട്ടിൽ എത്തിച്ച് മറവ് ചെയ്യുന്നതിന് സഹായിച്ചതിന് നൽകാമെന്ന് പറഞ്ഞിരുന്ന തുക കിട്ടാത്തത് കാരണം സംഭവം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തിയ വിനുവിനെയാണ് 2019ൽ അടിച്ചു കൊന്നശേഷം ഷാജി ചാക്കിൽ കെട്ടി വെച്ചത്. വിനുവിന്റെ കേസ് തെളിഞ്ഞതിനെ തുടർന്നാണ് ഷാജിയുടെ അച്ഛൻ കൃഷ്ണന്റെ കൊലപാതകത്തിന് പിന്നിലും ഷാജിയും സംഘവുമാണെന്ന് തെളിഞ്ഞത്. തുടർന്ന് ഷാജി ഉൾപ്പെടെ മറ്റ് പ്രതികൾ പിടിയിലായി. എന്നാൽ രാജേഷ് ഒളിവിലായിരുന്നു. പാറശാല പൊലീസിന്റെ പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.