sasi

തിരുവനന്തപുരം: ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന്റെ സാന്നിദ്ധ്യത്തിൽ ഹർത്താലിനെയും വഴിതടയൽ സമരത്തെയും വിമർശിച്ച് ശശി തരൂർ എം.പി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന സമര രീതിയെയാണ് തരൂർ വിമർശിച്ചത്. ഹർത്താലുകളിലൂടെയല്ല ചർച്ചകളിലൂടെയാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും ആശുപത്രിയിൽ പോകുന്നവരെ തടയുന്ന സമരരീതി തെറ്റാണെന്നും തരൂർ പറഞ്ഞു.

ഇതോടെ ചന്ദ്രശേഖരൻ ഇടപെടുകയും ചർച്ചകൾ നടക്കുന്നില്ലെന്നും പറഞ്ഞു. ചർച്ചകൾ നടക്കണമെന്ന് തരൂർ മറുപടി നൽകിയതോടെ ചർച്ചകൾ നടക്കുകയാണ് വേണ്ടതെന്ന് ചന്ദ്രശേഖരനും പറഞ്ഞു. ഐ.എൻ.ടി.യു.സി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തപ്പാൽ വകുപ്പ് പ്രസിദ്ധീകരിച്ച സ്‌പെഷ്യൽ തപ്പാൽ കവറിന്റെ പ്രകാശനം പോസ്റ്റ് മാസ്റ്റർ ജനറൽ മറിയാമ്മ തോമസ് നിർവഹിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ, സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. ജോസഫ്, പോസ്റ്റൽ സൂപ്രണ്ട് അജിത് കുര്യൻ,​ സതി കുമാരി തുടങ്ങിയവർ സംസാരിച്ചു.