
നെയ്യാറ്റിൻകര: കളിസ്ഥലമുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട്, എവിടെയെന്ന് ചോദിച്ചാൽ കാടുമൂടിയ ഭൂമിമാത്രം. അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ ശബരിമുട്ടം വാർഡിൽ പട്ടക്കുടി കീഴേപാലകുന്നത്താണ് ഈ കളിസ്ഥലം. 2004ലാണ് സെന്റിന് 10000 രൂപയോളം ചെലവിൽ 17 സെന്റ് സ്ഥലം പഞ്ചായത്ത് കളിസ്ഥലം നിർമ്മിക്കാനായി വാങ്ങിയത്. തുക മുടക്കി സ്ഥലം വാങ്ങിയിട്ടു 18 വർഷമായിട്ടും മാറി മാറി വന്ന ഒരു പഞ്ചായത്ത് ഭരണസമിതി കളിസ്ഥലം നിർമ്മിക്കാൻ ഈ വഴിക്ക് തിരിഞ്ഞുപോലും നോക്കിയിട്ടില്ല. സ്ഥലം ഇപ്പോൾ കാടുംപടർപ്പും കയറി ഇഴ ജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയിട്ടുണ്ട്. ഇത് സമീപവാസികൾക്ക് ഭീഷണിയുമുയർത്തുന്നുണ്ട്. ഫണ്ട് ചെലവഴിക്കാൻ മാത്രമായിട്ടാണ് ഇങ്ങനെയൊരു പദ്ധതി തയ്യാറാക്കലെന്നാണ് പൊതുജനത്തിന്റെ ആരോപണം. ആർക്കും ഉപയോഗമില്ലെങ്കിലും സ്ഥലത്തിന് ചുറ്റുമതിൽ നിർമ്മിച്ച് കാടും പടർപ്പും വെട്ടിത്തെളിച്ച് വൃത്തിയാക്കിയെങ്കിലും ഇടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കളിസ്ഥലം നവീകരിച്ച് ഉപയോഗയോഗ്യമാക്കിയാൽ അത് വ്യായാമത്തിനും മുതിർന്നവർക്കും കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിനായി ഉപയോഗിക്കാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു.
വേറെ സ്ഥലം നോക്കണം
നിലവിൽ കളിസ്ഥലത്തിനായി വാങ്ങിയ ഈ സ്ഥലം അതിന് ഉപയോഗിക്കാൻ കഴിയില്ലെന്നാണ് നിലവിലെ ഭരണസമിതിയുടെ അഭിപ്രായം. നിർദ്ദിഷ്ട കളിസ്ഥലത്തേക്ക് പ്രവേശിക്കാൻ വഴിയില്ലാത്തതാണ് പ്രധാന പ്രശ്നം. കൂടാതെ കളി സ്ഥലത്തിന്റെ വശങ്ങളിൽ ചാനലും കുളവും സ്ഥിതി ചെയ്യുന്നതിനാൽ മഴയും വെള്ളപ്പൊക്കവുമുണ്ടായാൽ കളിസ്ഥലം മുഴുവൻ വെള്ളം നിറയും. അതിനാൽ കളിസ്ഥലത്തിനായി വെറെ എവിടെയെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതാണ് ഉചിതമെന്നാണ് പഞ്ചായത്തിന്റെ അഭിപ്രായം. ഇപ്പോഴത്തെ സ്ഥലം മറ്റ് വികസന പദ്ധതിയ്ക്കായി ഉപയോഗിക്കാനും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്.