
തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലൂടെ കോൺഗ്രസ് നേതാക്കളെയും പാർട്ടിയെയും അപകീർത്തിപ്പെടുത്തുകയും വ്യക്തിപരമായി അപമാനിക്കുകയും ചെയ്യുന്നവർക്കെതിരെ കർശനനടപടിയെടുക്കുമെന്ന് കെ.പി.സി.സി അച്ചടക്കസമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കെ.പി.സി.സി അച്ചടക്കസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർദ്ധിച്ചുവരുന്ന ഇത്തരം നടപടികളെ ആശങ്കയോടെയാണ് അച്ചടക്കസമിതി കാണുന്നത്. ചിലരെങ്കിലും വികാരവിക്ഷോഭത്തിനടിമപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ പാർട്ടിവിരുദ്ധ പരാമർശങ്ങൾ നടത്തുന്നത് അംഗീകരിക്കാനാവില്ല.
പരാതികൾ പറയാനും പരിഹാരം കണ്ടെത്താനും പാർട്ടി ഫോറങ്ങളുണ്ട്. വ്യക്തിവിരോധം തീർക്കാനും നേതൃത്വത്തെ അപമാനിക്കാനും ആരെങ്കിലും ശ്രമിച്ചാൽ അച്ചടക്കലംഘനമായി കണക്കാക്കും.
 കോഴിക്കോട്ടെ മണ്ഡലം ഭാരവാഹിക്കെതിരെ നടപടി
പാർട്ടി ദേശീയ നേതൃത്വത്തെ സമൂഹമാദ്ധ്യമങ്ങളിലൂടെ ആക്ഷേപിച്ച യൂത്ത് കോൺഗ്രസ് കോഴിക്കോട് നിയോജകമണ്ഡലം ഭാരവാഹിക്കെതിരെ നടപടിയെടുക്കാൻ ശുപാർശ നൽകി. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാതികളെപ്പറ്റി അന്വേഷിക്കാൻ കെ.പി.സി.സി നിയോഗിച്ച ഉപസമിതികളുടെ റിപ്പോർട്ട് അച്ചടക്കസമിതി പരിശോധിച്ചു. ഡി.സി.സി പ്രസിഡന്റുമാരുടെ അഭിപ്രായം കൂടി ലഭിച്ച ശേഷം റിപ്പോർട്ടുകളിന്മേൽ തുടർനടപടികളിലേക്ക് നീങ്ങും.
അച്ചടക്കസമിതി അംഗങ്ങളായ എൻ. അഴകേശൻ, ഡോ. ആരിഫ എന്നിവരും യോഗത്തിൽ പങ്കെടുത്തു.