
വക്കം: ഒരു കാലത്ത് നാടിന്റെ നെല്ലറയായിരുന്ന കരിയിച്ചിറ ഏല വിസ്മൃതിയിലേക്ക്. വക്കം, കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കരിയിച്ചിറ ഇരിപ്പ് കൃഷിക്ക് പേരു കേട്ടതാണ്. ഒരിക്കലും ഉറവ വറ്റാത്ത ഇവിടെ ആദ്യ കാലഘട്ടത്തിൽ കരിയാച്ചിറയെന്നാണ് അറിയപ്പെട്ടിരുന്നത്. വിവിധ റോഡുകളിലെ ഓടകൾ ഏകോപിപ്പിച്ചാണ് ഇവിടെ വെള്ളം എത്തിച്ചിരുന്നത്.
രണ്ട് വർഷം മുൻപ് വക്കം ഗ്രാമപഞ്ചായത്തും, വക്കം കൃഷി ഭവനും ചേർന്ന് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നെൽകൃഷി പുനരാരംഭിക്കാൻ നീക്കം നടത്തി. എന്നാൽ കൊവിഡ് കാലമായതോടെ പദ്ധതി പാതി വഴിയിലുപേക്ഷിച്ചു.
വക്കം ഗ്രാമപഞ്ചായത്തിലെ ഏക ഏല കൂടിയാണിത്. പൊഴി മുറിക്കുന്ന സമയത്ത് ഉപ്പ് വെള്ളം കയറി കൃഷി നശിക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ റെയിൽവേ ട്രാക്കിന് സമീപത്തെ കലിങ്ക് അടച്ച് അന്ന് നെൽകൃഷിയെ നാട്ടുകാർ സംരക്ഷിച്ചിരുന്നു. ഏലയിലെ വെള്ളക്കെട്ട് തടയാൻ മൈനർ ഇറിഗേഷൻ വിഭാഗം വയലിന്റെ ഒരു വശത്തെ ഓടകളുടെ വശങ്ങൾ കെട്ടി സ്ലാബിട്ട് മൂടുന്ന ജോലി ഇപ്പോൾ ആരംഭിച്ചു. എന്നാൽ ഇത് എല്ലായിടത്തും ഇല്ലെന്ന് കരാറുകാരൻ പറയുന്നു. ഓട അവസാനിക്കുന്നത് സ്വകാര്യ വ്യക്‌തിയുടെ പുരയിടത്തിലാണ്. അത് കൊണ്ട് തന്നെ ഈ ജോലികൾ കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടാകുമെന്ന പ്രതീക്ഷയും നാട്ടുകാർക്കില്ല. ഓടയിലൂടെ ഒഴുകി വരുന്ന വെള്ളം റെയിൽവേ ട്രാക്കിന് സമീപത്തെ കലുങ്ക് വഴി പുറം കായലിൽ ഒഴുക്കാൻ നടപടി വേണം. എങ്കിൽ മാത്രമേ വെള്ളക്കെട്ടിന് പരിഹാരമാകൂ. കൃഷിക്കാവശ്യമുള്ള വെള്ളം ഉപയോഗിച്ചാൽ ബാക്കി വരുന്നത് പുറം കായലിലെത്തിക്കാൻ നടപടി സ്വികരിക്കേണ്ടി വരുമെന്ന് കർഷകർ പറയുന്നു.
ഇവിടെ നെൽക്കൃഷി നിലച്ചിട്ട് 25 വർഷങ്ങൾ പിന്നിടുന്നു. ചെറുതും വലുതുമായ വയലുകളിലെ കൃഷി വൻ നഷ്ടമായതോടെ ഒന്നാന്നായി തരിശു നിലങ്ങളായി മാറി. പിന്നീട് ചിലർ ഇടവിള കൃഷികൾ നടത്തിയെങ്കിലും അതിനും കാര്യമായ പ്രയോജനമുണ്ടായില്ല. തുടർന്ന് ഏലയുടെ ഇരു കരകളിൽ നികത്തൽ ആരംഭിച്ചു. ആദ്യം കൃഷി, പിന്നെ വീട്, ഇപ്പോൾ കരിയിച്ചിറ ആകെ മാറിക്കഴിഞ്ഞു.