nadabet-

ന്യൂഡൽഹി: പഞ്ചാബിലെ വാഗായിലേത് പോലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലുള്ള ഗുജറാത്തിലെ ബനസ്‌കന്തയിലെ നാദാബെട്ടിലും അതിർത്തി വ്യൂ പോയിന്റ് തുറന്നു. 125 കോടി ചെലവിൽ വിനോദസഞ്ചാരികൾക്കായി അത്യാധുനിക സൗകര്യങ്ങളും പ്രത്യേക ആകർഷണകേന്ദ്രങ്ങളും അടങ്ങിയ സീമ ദർശൻ പദ്ധതി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്‌തു. പദ്ധതിയുടെ ആദ്യ ഘട്ടം 2016ൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണിയാണ് ഉദ്ഘാടനം ചെയ്‌തത്. ഗുജാത്തിലെ വാഗാ അതിർത്തി എന്ന വിശേഷണവുമുണ്ട് നാദാബെട്ടിന്.

നാദാബെട്ട് അതിർത്തി: അഹമ്മദാബാദിൽ നിന്ന് 188കി.മീ അകലെ റാൻ ഒാഫ് കച്ച് മേഖലയിൽ. 150 മീറ്റർ അകലെ (സീറോ പോയിന്റ്)നിന്ന് പാകിസ്ഥാൻ അതിർത്തി വീക്ഷിക്കാം. പാകിസ്ഥാനെ അടുത്തു കാണാൻ വാച്ച് ടവറുമുണ്ട്.

അതിർത്തിയിലേക്ക് പ്രത്യേക റോഡ്.

ബി.എസ്.എഫും ഗുജറാത്ത് ടൂറിസം വകുപ്പും ചേർന്നൊരുക്കുന്ന പദ്ധതി.

 വൈകിട്ട് ബി.എസ്.എഫിന്റെ പരേഡ് മുഖ്യ ആകർഷണം. എന്നാൽ വാഗയിലേത് പോലെ പാക് സൈന്യത്തിന്റെ പങ്കാളിത്തമില്ല.

 അതിർത്തിയിൽ നിന്ന് 25കി.മീ അകലെയുള്ള 'ടി പോയിന്റിൽ' 5000 പേർക്ക് ഇരിക്കാവുന്ന ഒാപ്പൺ എയർ ഒാഡിറ്റോറിയം

 റോക്ക് ക്ളൈമ്പിംഗ്, റൈഫിൾ ഷൂട്ടിംഗ് തുടങ്ങിയ വിനോദ പരിപാടികൾ

 1971ലെ ഇന്തോ-പാക് യുദ്ധത്തിൽ ഉപയോഗിച്ച മിഗ് 27 വിമാനം, യുദ്ധ ടാങ്കുകൾ തുടങ്ങിയവ പ്രദർശിപ്പിച്ച മ്യൂസിയം. ആയുധങ്ങൾക്ക് മുന്നിൽ സെൽഫിയെടുക്കാൻ സൗകര്യം.

നാദാബെട്ടും യുദ്ധവും

1971ലെ യുദ്ധത്തിൽ പാകിസ്ഥാൻ സേനയെ ബി.എസ്.എഫ് ചെറുത്തു നിന്ന സ്ഥലം. ശത്രു സൈന്യത്തിന്റെ 15 പോസ്റ്റുകൾ അവർ പിടിച്ചെടുത്തിരുന്നു. പാകിസ്ഥാൻ അതിർത്തിക്കുള്ളിൽ നാഗർപാർക്കർ, ഡിപ്ളോ മേഖലകളിലേക്ക് കയറിയ ഇന്ത്യൻ സേന ആധിപത്യം സ്ഥാപിച്ചെങ്കിലും സിംല കരാറിന്റെ അടിസ്ഥാനത്തിൽ പിന്മാറി.

 സുയിഗാമിൽ നിന്ന് റോഡ് മാർഗം നാദാബെട്ടിലെത്താം. നിലവിൽ താമസ സൗകര്യമില്ല.

 പ്രവേശനം രാവിലെ 9 മുതൽ വൈകിട്ട് 7വരെ

 ഫീസ്: പ്രായപൂർത്തിയായവർക്ക് 100, കുട്ടികൾക്ക് 50.