തിരുവനന്തപുരം: ട്രാൻസ്ജെൻഡറുകൾക്ക് ഇഷ്ടമുള്ള തൊഴിലിൽ സൗജന്യ പരിശീലനം നൽകി ഉപജീവനമാർഗം ലഭ്യമാക്കുന്നതിന് സാമൂഹികനീതി വകുപ്പ് സാകല്യം പദ്ധതി ഒരുക്കും. കേരള യൂത്ത് ലീഡർഷിപ്പ് അക്കാഡമിയാണ് (കൈല) പദ്ധതി നടപ്പാക്കുന്നത്. കോഴ്സുകളിൽ ചേരുന്നതിന് വിദ്യാഭ്യാസ യോഗ്യത നിർബന്ധമല്ല. ആദ്യഘട്ടത്തിൽ 140 പേർക്കാണ് പരിശീലനം. ഇതിനായി ഓരോ ജില്ലയിൽ നിന്നും 10 പേരെ തിരഞ്ഞെടുക്കും.
പഠനോപകരണങ്ങൾ വാങ്ങുന്നതിന് സ്റ്റൈപ്പൻഡടക്കമാണ് പരിശീലനം. പദ്ധതിക്കായി 2520000 രൂപയാണ് സർക്കാർ അനുവദിച്ചത്. കോഴ്സിന് പ്രവേശനം നേടുമ്പോഴും പരിശീലനം പൂർത്തിയാക്കുന്ന സമയത്തും ഫീസിനത്തിൽ രണ്ട് തവണകളായി 15000 രൂപ സ്ഥാപനത്തിന് നൽകും. ജില്ലാ സാമൂഹികനീതി ഓഫീസറുടെ ശുപാർശയനുസരിച്ചാണ് പരിശീലകരെയും സ്ഥാപനങ്ങളെയും കണ്ടെത്തുന്നത്.