നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ കുടുംബകോടതി യാഥാർത്ഥ്യമാകുന്നു. വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

നെയ്യാറ്റിൻകര താലൂക്കിലെ കുടുംബ സംബന്ധമായ കേസുകൾ നിലവിൽ കൈകാര്യം ചെയ്യുന്നത് തിരുവനന്തപുരം, നെടുമങ്ങാട് കുടുംബ കോടതികളിലാണ്. കേസുകളുടെ ബാഹുല്യവും യാത്രാദുരിതവും പൊതുജനത്തിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുമുണ്ട്. ഇതോടെയാണ് അഭിഭാഷകരടക്കം നെയ്യാറ്റിൻകരയിൽ കുടുംബ കോടതി വേണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയത്. പുതുതായി അനുവദിച്ച കുടുംബ കോടതിയിൽ 21 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയതായി കെ. ആൻസലൻ എം.എൽ.എ വ്യക്തമാക്കി.

ബാർ അസോസിയേഷൻ ഉപയോഗിച്ച് വരുന്ന ഹാളാണ് കോടതി തുടങ്ങുന്നതിന് താല്കാലികമായി നൽകിയിട്ടുള്ളത്. ജില്ലാ ജഡ്ജി കെ. ബാബു സന്ദർശിച്ച് സ്ഥല സൗകര്യം വിലയിരുത്തിയിരുന്നു. ഹൈക്കോടതിക്കും സർക്കാരിനും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി. തസ്തികകൾ സൃഷ്ടിക്കാനുള്ള അനുമതി ലഭിച്ചതോടെ കുടുംബ കോടതി യാഥാർത്ഥ്യമാക്കുന്നതിനുള്ള തടസങ്ങൾ മാറിയതായും എം.എൽ.എ പറഞ്ഞു.

നെയ്യാറ്റിൻകരയിൽ കുടുംബ കോടതി പ്രവർത്തനം തുടങ്ങാൻ തീരുമാനമായതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഡി. വേലായുധൻ നായർ, സെക്രട്ടറി അഡ്വ. പി.സി. പ്രതാപ് എന്നിവർ പറഞ്ഞു.