apr12c

ആറ്റിങ്ങൽ: പൊട്ടിയ വാട്ടർ അതോറിട്ടിയുടെ പൈപ്പ് ഒരുമാസമായിട്ടും അറ്റകുറ്റപ്പണികൾ നടത്താത്തതിനെതിരെ അമ്പലമുക്ക് വാർഡ് കൗൺസിലർ കെ.ജെ. രവികുമാർ വാട്ടർ അതോറിട്ടി എ.ഇയുടെ ഓഫീസിന് മുന്നിൽ ഒറ്റയാൾ സമരം നടത്തി. ആറ്റിങ്ങൽ നഗരസഭയിലെ പൈപ്പ് ലൈൻ റോഡിൽ ഒരു വർഷത്തിനു മുമ്പ് പുതിയ പൈപ്പ് ലൈൻ ഇടുന്നതിനായി കുഴിയെടുത്തു. ഈ സമയം നിലവിലുണ്ടായിരുന്ന പൈപ്പ് പൊട്ടി. പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണികൾ നടത്താത്തതിനെ തുടർന്ന് പൊളിഞ്ഞ റോഡ് കോൺക്രീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുകയും ചെയ്തു. പല പ്രാവശ്യം വാർഡ് കൗൺസിലർ ഇതു സംബന്ധിച്ച് വാട്ടർ അതോറിട്ടിയിൽ പരാതി നൽകിയിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ഇതിൽ പ്രതിഷേധിച്ചായിരുന്നു ഒറ്റയാൾ സമരം നടത്തിയത്. ഉടൻ അറ്റകുറ്റപ്പണി നടത്താമെന്ന എ.ഇയുടെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. വൈകിട്ടോടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി കൗൺസിലർ കൗമുദിയോട് പറഞ്ഞു.