റൂറലിൽ 15 എസ്.ഐമാർക്ക് മാറ്റം
തിരുവനന്തപുരം: പാറശാലയിൽ പൊലീസ് പട്രോളിംഗ് വാഹനത്തിൽ നിന്ന് കൈക്കൂലി പണം പിടിച്ചെടുത്ത സംഭവത്തിൽ ഗ്രേഡ് എസ്.ഐ ജ്യോതികുമാർ, ഡ്രൈവർ അനിൽകുമാർ എന്നിവരെ സസ്‌പെൻഡ് ചെയ്‌തു. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദക്ഷിണമേഖലാ ഐ.ജിയുടെ നിർദേശാനുസരണം റൂറൽ എസ്.പി ദിവ്യാ വി. ഗോപിനാഥാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്‌തത്.
കുറച്ചുദിവസം മുമ്പാണ് നൈറ്റ് പട്രോൾ ഡ്യൂട്ടിയിലായിരുന്ന പാറശാല സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ജ്യോതികുമാറും ഡ്രൈവറും വിജിലൻസിന്റെ പിടിയിലായത്. ഇവരുടെ വാഹനത്തിൽ നിന്ന് കണക്കിൽപ്പെടാത്ത 13,690 രൂപയും വിജിലൻസ് കണ്ടെത്തിയിരുന്നു. രാത്രി കാലങ്ങളിൽ തമിഴ്നാട്ടിൽ നിന്ന് പാറ, എം സാന്റ്, പി സാന്റ് എന്നിവ കയറ്റിവരുന്ന വാഹനങ്ങളിൽ നിന്ന് ഡ്രൈവറിൽ നിന്ന് പണം പിരിക്കുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസിന്റെ പരിശോധന. വിഴിഞ്ഞം പദ്ധതിക്കുൾപ്പെടെ പാറ കയറ്റി വരുന്ന ലോറികളിൽ നിന്ന് ലോഡൊന്നിന് 250 രൂപ വീതവും മണ്ണ് ലോറികളിൽ നിന്ന് 500 രൂപ വീതവുമാണ് ഇരുവരും പടിയായി വാങ്ങിയിരുന്നത്. മറ്റ് വാഹനങ്ങളിൽ നിന്ന് തോന്നുംപടി പണം പിരിച്ചിരുന്നു.
ഡ്രൈവർ പണം വാങ്ങുന്നതിന്റെ തെളിവ് സഹിതം വിജിലൻസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടന്നത്. പണം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഇരുവർക്കുമെതിരെ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും വകുപ്പുതല നടപടിയുടെ ഭാഗമായി സസ്‌പെന്റ് ചെയ്തത്. പാറശാലയിലെ ഹൈവേ പട്രോൾ സംഘത്തിനെതിരെയും കൈക്കൂലി വാങ്ങുന്നത് സംബന്ധിച്ച് വിജിലൻസും ഇന്റലിജൻസും പൊലീസ് മേധാവികൾക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
റൂറൽ പൊലീസിലെ
എസ്.ഐമാരെ മാറ്റി
പാറശാലയിലെ കൈക്കൂലിക്കേസും സസ്‌പെൻഷനും വന്നതിന് പിന്നാലെ റൂറൽ പൊലീസ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി 15 എസ്.ഐമാരെ സ്ഥലം മാറ്റി. തിരുവനന്തപുരം റൂറലിലെ തന്നെ വിവിധ സ്റ്റേഷനുകളിലേക്കാണ് മാറ്റം. കൈക്കൂലിയെ തുടർന്ന് റൂറൽ പൊലീസിലെ ശുദ്ധികലശത്തിന്റെ ഭാഗമാണ് നടപടിയെന്ന് പ്രചാരണമുണ്ടായെങ്കിലും ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർ ഇക്കാര്യം നിഷേധിച്ചു. നല്ലനിലയിൽ പ്രവർത്തിച്ചിരുന്നവരും സ്ഥലം മാറ്റപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ പ്രതികരണം. എന്നാൽ പൊലീസിന്റെ പ്രവർത്തനം കാര്യക്ഷമാക്കാൻ ഉദ്ദേശിച്ചാണ് ഏറെ നാളായി ഒരേസ്റ്റേഷനിൽ തുടർന്നവരെ മാറ്റിയതെന്ന് അവർ പറഞ്ഞു.