krailmurali

മുടപുരം : കർഷകന് നഷ്ടപരിഹാരം നൽകാൻ കഴിയാത്ത സർക്കാരാണ് സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കലിന് നാലിരട്ടി വില നൽകുമെന്ന് പറയുന്നതെന്നും, വിശ്വാസ യോഗ്യമല്ലാത്ത വാഗ്ദാനങ്ങൾ കൊണ്ട് സർക്കാർ കബളിപ്പിക്കുകയാണന്നും കേന്ദ്ര മന്ത്രി വി. മുരളീധരൻ. സിൽവർ ലൈൻ സമര ഭൂമിയിലൂടെയുള്ള പ്രതിരോധ യാത്രയ്കിടെ കിഴുവിലം ചുമടുതാങ്ങിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരണത്ത് കർഷകൻ ആത്മഹത്യ ചെയ്തത് കൃഷി നാശത്തിന് നഷ്ടപരിഹാരം ലഭിക്കാത്തതിനാലാണ്. കർഷകന് നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ച വരുത്തിയ സർക്കാർ എങ്ങനെയാണ് ഭൂമി ഏറ്റെടുക്കാൻ നാലിരട്ടി നൽകുക. കർഷക പ്രശ്നത്തിൽ വി.ഡി. സതീശനും രാഹുൽഗാന്ധിയും ഉൾപ്പെടെയുള്ളവർ നിശബ്ദരാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി നേതാക്കളായ ജെ.ആർ. പത്മകുമാർ, ബാലമുരളി, അഡ്വ. ആർ.എസ്. രാജീവ്, ഹരി ജി. ശാർക്കര, പൂവണത്തുമ്മൂട് ബിജു, മണ്ഡലം ജനറൽ സെക്രട്ടറി എം. വിജയകുമാർ,മേഖല പ്രസിഡന്റ് ബിജുകുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർ അനീഷ് തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു. കിഴുവിലം ചുമടുതാങ്ങിയിൽ നിന്ന് ആരംഭിച്ച യാത്ര കുന്നത്ത് മഹാദേവർ ക്ഷേത്രത്തിനടുത്ത് സമാപിച്ചു. കെ -റയലിന് കല്ലിട്ട വീടുകൾ മന്ത്രി സന്ദർശിച്ചു, പരാതി കേൾക്കുകയും ചെയ്തു.