തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന ക്രൈം കേസുകളിൽ പ്രതികൾക്ക് വക്കീലന്മാരെ ശുപാർശ ചെയ്യുന്ന പൊലീസുകാരുടെ നടപടി വിലക്കി എസ്.പി ഇന്നലെ ഉത്തരവിറക്കി. റൂറൽ പൊലീസ് ജില്ലയിലെ സ്റ്റേഷനുകളിലെ ചില ഉദ്യോഗസ്ഥർ ഇഷ്ടക്കാരായ വക്കീലന്മാരെ കേസ് ഏല്പിക്കാൻ ക്രിമിനൽ കേസിലുൾപ്പെട്ടവരെ നിർബന്ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റൂറൽ എസ്.പി ദിവ്യ വി. ഗോപിനാഥിന്റെ ഉത്തരവ്.
രജിസ്റ്റർ ചെയ്യുന്ന കേസുകൾക്ക് പുറമേ കോടതി പുറപ്പെടുവിക്കുന്ന സമൻസുകളിലും വാറന്റുകളിലും പരിചയക്കാരായ വക്കീലന്മാരുടെ പേരും ഫോൺ നമ്പരും രേഖപ്പെടുത്തി നൽകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എസ്.പിയുടെ ഉത്തരവിൽ പറയുന്നു. ഇത് കക്ഷികൾക്ക് ഇഷ്ടമുള്ള വക്കീലന്മാരെ സമീപിക്കുന്നതിന് തടസമാണ്. അറസ്റ്റ് ചെയ്‌തുകൊണ്ടുവരുന്ന പ്രതികൾക്കും ഇഷ്ടക്കാരായ വക്കീലന്മാരെ പൊലീസുകാർ തരപ്പെടുത്തി നൽകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും എസ്.പി വ്യക്തമാക്കി.
അപകടത്തിൽ പരിക്കേൽക്കുന്നവരെ വ്യാജമായി റോഡ് അപകടക്കേസുകളിൽ ഉൾപ്പെടുത്തി ക്ളെയിം കൈപ്പറ്റുന്ന സംഭവത്തിൽ പൊലീസ് - അഭിഭാഷക കൂട്ടുകെട്ടിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് പൊലീസുകാരുടെ വക്കാലത്തിനെതിരെ ഉത്തരവുണ്ടായത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സബ് ഡിവിഷൻ മേധാവിമാരും സ്റ്റേഷൻ ഹൗസ് ഓഫീസർമാരും ശ്രദ്ധിക്കണമെന്നും ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്നും ഉത്തരവിൽ മുന്നറിയിപ്പ് നൽകി.